'വർഷങ്ങൾക്ക് ശേഷം' ഒ.ടി.ടിയിൽ വന്നപ്പോൾ അലക്ക് കല്ലിലിട്ട് അടിക്കുന്നത് പോലെയായിരുന്നു,ആദ്യം എന്താണ് നടക്കുന്നത് മനസ്സിലായില്ല; വിനീത് ശ്രീനിവാസൻ
text_fields'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷമുണ്ടായ വിമർശനങ്ങളെക്കുറിച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ആദ്യം ഞെട്ടലാണുണ്ടായതെന്നും ഒന്ന് രണ്ട് ദിവസം കാര്യം മനസിലായില്ലെന്നും വിനീത് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷം വിമർശനങ്ങൾ വന്ന സമയത്ത് അത് വലിയൊരു ഷോക്കായിരുന്നു. കാരണം തിയറ്ററിൽ നന്നായി ഓടിയ സിനിമയാണല്ലോ. ഒ.ടി.ടി വന്നതിന് ശേഷമാണല്ലോ വിമർശനങ്ങൾ വരുന്നത്. കുറെ പേർക്ക് സിനിമ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ തിയറ്ററിലെ സിനിമയുടെ പെർഫോമൻസ് കാണുമ്പോൾ വലിയ ഒരു ഓഡിയൻസിലേക്ക് സിനിമ നന്നായി എത്തിയിട്ടുണ്ട് എന്ന് മനസിലാകുമല്ലോ.
ഒ.ടി.ടി റീലിസ് വന്നപ്പോൾ അലക്ക് കല്ലിലിട്ട് അടിക്കുന്നത് പോലെയായിരുന്നു. ആദ്യത്തെ മൂന്നു നാല് ദിവസം എന്താണ് നടക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. പിന്നീട് എന്തൊക്കെയാണ് ഫീഡ്ബാക്ക്, എവിടെയാണ് ആളുകൾക്ക് പ്രശ്‌നം തോന്നിയത് എന്ന് ശ്രദ്ധിച്ചു. തിയറ്ററിൽ പൈസ കൊടുത്ത് ഒരു ഇരുട്ട് മുറിക്കുള്ളിൽ വന്നിരിക്കുമ്പോൾ ആളുകൾ കുറേക്കൂടെ ഇമോഷണലായിട്ടാണ് സിനിമ കാണുന്നത്. നമ്മളുടെ കംഫർട്ട് സ്‌പേസിൽ സിനിമ കാണുമ്പോൾ കൂടുതൽ അനലറ്റിക്കലായിരിക്കും. അനലൈസ് ചെയ്ത് കാണുമ്പോൾ കൂടുതൽ തെറ്റുകൾ ആളുകൾക്ക് കാണാൻ കഴിയും. ഇതെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്'- വിനീത് ശ്രീനിവാസൻ പറഞ്ഞു.
2024 ൽ വിഷു റിലീസായിട്ടാണ് വർഷങ്ങൾക്ക് ശേഷം എത്തിയത്. ഏപ്രിൽ 11 ന് ആവേശം സിനിമക്കൊപ്പമാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഏകദേശം82.75 കോടി രൂപ ബോക്സോഫീസിൽ നിന്ന് ചിത്രം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോണിലിവായിരുന്നു ചിത്രം ഒ.ടി.ടിയിലെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.