ആ 20കാരന്‍റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്; ദേശീയ അവാർഡ് നേട്ടത്തിൽ വിക്രാന്ത് മാസി
text_fieldsവിക്രാന്ത് മാസി
‘ട്വൽത്ത് ഫെയ്ൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാനുമൊത്താണ് അദ്ദേഹം അവാർഡ് പങ്കിട്ടത്. ജവാനിലെ അഭിനയമാണ് ഷാരൂഖിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇരുവരുടെയും ആദ്യ ദേശീയ അവാർഡാണ്. സ്വപ്നസാക്ഷാത്കാരം എന്നാണ് വിക്രാന്ത് ഇതിനെ വിശേഷിപ്പിച്ചത്. വർഷങ്ങളായി താൻ ആരാധിക്കുന്ന ഒരാളോടൊപ്പം അംഗീകരിക്കപ്പെടുന്നതിലെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.
'എന്റെ പ്രകടനത്തെ ഈ അംഗീകാരത്തിന് അർഹമായി പരിഗണിച്ചതിന് ബഹുമാനപ്പെട്ട വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും, എൻ.എഫ്.ഡി.സിക്കും, ജൂറി അംഗങ്ങൾക്കും നന്ദി. ഈ അവസരം നൽകിയതിന് വിധു വിനോദ് ചോപ്രയോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. 20 വയസ്സുള്ള ആൺകുട്ടിയുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. എന്റെ പ്രകടനങ്ങളെ ആദരിച്ചതിനും ഈ സിനിമയെ ഇത്ര സ്നേഹത്തോടെ ശുപാർശ ചെയ്തതിനും പ്രേക്ഷകരോട് ഞാൻ എന്നും നന്ദിയുള്ളവനാണ്' -വിക്രാന്ത് മാസി പറഞ്ഞു.
പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നവർക്ക് അവാർഡ് സമർപ്പിക്കുന്നു എന്ന സന്ദേശത്തോടെയാണ് വിക്രാന്ത് തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. 'അവസാനമായി, ഈ അവാർഡ് നമ്മുടെ സമൂഹത്തിലെ എല്ലാ അരികുവൽക്കരിക്കപ്പെട്ട ആളുകൾക്കും, നമ്മുടെ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥക്കെതിരെ എല്ലാ ദിവസവും പോരാടുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിയായി ഉർവശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവൻ പുരസ്കാരം നേടിയത്. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് പുരസ്കാരം. റാണി മുഖര്‍ജിയാണ് മികച്ച നടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

