ആ ദിലീപ് ചിത്രം കാലത്തിന് മുന്നെ സഞ്ചരിച്ചതാണ്, അന്ന് അത് ആളുകൾ കളിയാക്കി, എന്നാൽ കാലങ്ങൾക്ക് ശേഷം അഭിനന്ദിച്ചു- വിജി തമ്പി
text_fieldsമലയാളത്തിൽ 25 സിനിമകളിലേറെ സംവിധാനം ചെയ്ത പരിചയസമ്പത്തുള്ള സംവിധായകനാണ് വിജി തമ്പി. മലയാളത്തിൽ ഒരുപിടി ഹിറ്റുകൾ ഒരുക്കിയ അദ്ദേഹം ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് നാടോടി മന്നൻ. 2013ൽ തിയറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഫ്ലോപ്പായിരുന്നു. നാടോടി മന്നൻ അന്ന് പരാജയപ്പെട്ടെങ്കിലും കാലങ്ങൾക്ക് ശേഷം ആളുകൾ കയ്യടിച്ച ചിത്രമാണെന്ന് പറയുകയാണ് വിജി തമ്പി ഇപ്പോൾ.
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയായിരുന്നു അതെന്നും ചിത്രത്തിൽ ബിൽഡിങ് പൊളിച്ച് കളയുന്നത് കണ്ടപ്പോൾ ആളുകൾ ചിരിച്ചെന്നും എന്നാൽ മരടിലെ ന്യൂസ് വന്നപ്പോൾ എല്ലാവരും അഭിനന്ദിച്ചുവെന്നും വിജി തമ്പി പറഞ്ഞു. പ്രമുഖ വാരികക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം മറ്റുള്ള ഇൻഡ്സ്ട്രിയിലെ ചിത്രങ്ങളുമായി മലയാള സിനിമ വ്യവസായത്തെ താരതമ്യപെടുത്തരുതെന്നും വിജ തമ്പി പറഞ്ഞു.
'ലോകസിനിമകൾ കാണുന്നതും അറിയുന്നതും നല്ലതുതന്നെയാണ്. പക്ഷേ ഇവിടെ അനാവശ്യമായ ഒരു താരതമ്യം വരുന്നത് ഗൗരവമായി കാണുന്നു. ഉദാഹരണത്തിന് ബാഹുബലി എന്ന ചിത്രം പരിശോധിക്കാം. അത് കാണുന്ന മലയാളി ബാഹുബലി പോലൊരു ചിത്രം നമുക്ക് വേണം എന്ന് ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? തെലുങ്ക് സിനിമയുടെ മാർക്കറ്റ് എവിടെ? നമ്മുടെ പാവം മലയാളം ഇൻഡസ്ട്രിയുടെ മാർക്കറ്റ് എവിടെ? ബജറ്റ് എവിടെയൊക്കെ പരിധിവിട്ടിട്ടുണ്ടോ അവിടെല്ലാം തിരിച്ചടി നേരിട്ട ചരിത്രമാണ് നമ്മുടെ ഇൻഡസ്ട്രിക്കുള്ളത്. ഇവിടെ നമ്മൾ പ്രായോഗികമായി ചിന്തിക്കുന്നതാണ് നല്ലത്. ഇന്ന് ഗ്രാഫികിസിന്‍റെ സാധ്യതകൾ അനന്തമാണ്. അതേസമയം അത് വളരെ ചെലവേറിയ സംഗതി കൂടിയാണ്.
എന്റെ നാടോടി മന്നൻ എന്ന ചിത്രം ഒരു വർഷം പെട്ടിയിലിരുന്നു പോയതിന്റെ കാരണം തന്നെ അതാണ്. ഒരു മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലം പെട്ടിയിൽ ഇരിക്കുക എന്നുപറയുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രയധികം സാമ്പത്തികബാധ്യതയാണ് അതിലൂടെ നിർമാതാവിന് വന്നുചേരുക.
നാടോടി മന്നൻ പക്ഷേ കാലത്തിനതീതമായി സഞ്ചരിച്ച ചിത്രമാണ്. ബിൽഡിങ് ഡിമോളിഷ് ചെയ്യുന്നു എന്ന് പറഞ്ഞാൽ അന്ന് മലയാളിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. കാരണം ഇവിടെ അങ്ങനൊരു സംഗതി അന്നുവരെ നടന്നിട്ടില്ല.
മരടിലെ ഫ്ളാറ്റുകൾ നിമിഷനേരം കൊണ്ട് കൺട്രോൾഡ് എക്‌സ്‌പ്ലോഷനിലൂടെ തകർത്തപ്പോഴാണ് ജനം അത് വിശ്വസിച്ചത്. അതിനും എത്രയോ നാൾ മുമ്പ് നാടോടി മന്നനിലൂടെ മലയാളികൾ അത് കണ്ടിരുന്നു. അന്നത് കണ്ട് ചിരിച്ചവർ, പിന്നീട് മരട് വാർത്ത കണ്ടതോടെ അഭിനന്ദിക്കുന്ന സാഹചര്യമുണ്ടായി,' വിജി തമ്പി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

