'അമ്മയെക്കാളും എന്റെ സ്വപ്നങ്ങളെ മനസ്സിലാക്കിയത് അച്ഛനാണ്'; സിനിമയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറന്ന് വിജയ്‌യുടെ മകൻ ജേസൺ
text_fieldsനടനും രാഷ്ട്രീയ നേതാവും നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സിനിമാ സംവിധാന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. സന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജേസൺ തന്റെ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കെ വലിയ ആവേശത്തോടെ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അദ്ദേഹം. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മാതാപിതാക്കളുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ജേസൺ മനസ്സ് തുറക്കുകയുണ്ടായി. സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകിയതിനും തീരുമാനങ്ങളൊന്നും തന്നെ തന്നിൽ അടിച്ചേൽപ്പിക്കാത്തതിനും തന്റെ പിതാവിനോട് അദ്ദേഹം കടപ്പാട് അറിയിച്ചു.
തന്റെ വലിയ സ്വപ്നങ്ങൾക്ക് പിതാവ് വിജയ് നൽകിയ പിന്തുണയെക്കുറിച്ച് ജേസൺ വാചാലനായി. 'വളരെ ചെറുപ്പം മുതലേ ഞാൻ സിനിമാ സെറ്റുകളിൽ പോകാറുണ്ടായിരുന്നു. അതിനാൽ തന്നെ ആ ഒരു അന്തരീക്ഷം എനിക്ക് വളരെ പരിചിതമാണ്. എന്റെ പല സുഹൃത്തുക്കളും സിനിമയെ ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാടിലൂടെ വെറും വിനോദമായി മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഞാൻ അതിൽ നേരിട്ട് ഇടപഴകിയിരുന്നതിനാലും എന്റെ അച്ഛൻ ഇത്രയും വർഷമായി ആ മേഖലയിൽ തിളങ്ങി നിൽക്കുന്നത് കണ്ടതിനാലും ചെറുപ്പം മുതൽ തന്നെ സിനിമയോട് എനിക്കൊരു പ്രത്യേക താല്പര്യമുണ്ടായിരുന്നു.'
'പിന്നീട് ഒരു ഘട്ടത്തിൽ വിദേശത്ത് പോയി സ്വതന്ത്രമായി ഫിലിം മേക്കിങ് പഠിക്കണമെന്ന ആഗ്രഹം ഞാൻ അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിൽ ഒട്ടും തന്നെ മടി കാണിച്ചില്ല. വർഷങ്ങളായി സിനിമാ മേഖലയിൽ ഉള്ളത് കൊണ്ടാകാം, എന്റെ ആഗ്രഹത്തിന് ആദ്യം പച്ചക്കൊടി കാണിച്ചത് അദ്ദേഹമാണ്. എന്റെ അമ്മയെക്കാളും സഹോദരിയെക്കാളും ഉപരിയായി എന്റെ ആ തീരുമാനത്തിന്റെ യഥാർത്ഥ പ്രാധാന്യം ഉൾക്കൊള്ളാൻ അച്ഛന് കഴിഞ്ഞു. ഇന്നത്തെ കാലത്ത് സിനിമയെയും ഫിലിം മേക്കിങിനെയും കുറിച്ച് പഠിക്കാൻ ലോകമെമ്പാടും നിരവധി മികച്ച കോഴ്സുകൾ ലഭ്യമാണെന്ന് അറിഞ്ഞതിൽ അദ്ദേഹം അതിയായ സന്തോഷവാനായിരുന്നു' ജേസൺ സഞ്ജയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

