'ആ അതുല്യ മനുഷ്യനോടൊപ്പം ഫോട്ടോയിൽ നിൽക്കാൻ കഴിഞ്ഞല്ലോ'; സന്തോഷം പങ്കുവെച്ച് വിജയ് സേതുപതി
text_fields'തുടരും' സിനിമയില്‍ പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്ത സര്‍പ്രൈസ് കാമിയോ ആയിരുന്നു തമിഴ് നടന്‍ വിജയ് സേതുപതിയുടേത്. വിജയ് സേതുപതിയോടൊപ്പമുള്ള ചിത്രം മോഹന്‍ലാലും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും…,' എന്ന തുടരുമിലെ ടൈറ്റില്‍ സോങ്ങിലെ വരികള്‍ക്കൊപ്പായിരുന്നു മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. ഫോട്ടോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പം സിനിമ സൈറ്റിൽ നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ടൈറ്റിൽ സോങ്ങിൽ മോഹൻലാലിന്‍റെ പഴയ കാലചിത്രങ്ങളോടൊപ്പം വിജയ് സേതുപതിയോടൊപ്പമുള്ള ചിത്രങ്ങളും കാണിക്കുന്നുണ്ട്. മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ സുഹൃത്തായാണ് വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. ചിത്രം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും സേതുപതിയുടെ കഥാപാത്രം സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണ്.
ഇപ്പോള്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിജയ് സേതുപതി. 'മോഹന്‍ലാല്‍ എന്ന അതുല്യ മനുഷ്യനോടൊപ്പം ഒരു പിക്ചര്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം' എന്നാണ് വിജയ് സേതുപതി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. വിജയ് സേതുപതിയുടെ അനുമതിയോടെയാണ് ആ ചിത്രങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധന കൊണ്ടാണ് ഫോട്ടോ ഉപയോഗിക്കാന്‍ വിജയ് സേതുപതി അനുമതി നല്‍കിയതെന്നും തരുണ്‍ പറഞ്ഞിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ മോഹന്‍ലാലിന്‍റെ കരിയറിലെ 360ാം ചിത്രമാണ്. ബോക്സ് ഓഫിസിൽ വമ്പൻ കുതിപ്പ് തുടരുകയാണ്. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയും. ആദ്യ ഞായറാഴ്ച ഇത് 10.5 കോടിയായും വർധിച്ചു. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലായാളം ചിത്രമാണ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

