'തോളിന് ഗുരുതര പരിക്ക്, ഒരു കൈകൊണ്ട് ഇഴഞ്ഞു നീങ്ങാമെന്ന് അദ്ദേഹം'; മഹാരാജ ചിത്രീകരണത്തിനിടെ അനുരാഗ് കശ്യപിന് പരിക്കേറ്റതിനെ കുറിച്ച് വിജയ് സേതുപതി
text_fieldsമകളുടെ വിവാഹത്തിന് പണം ആവശ്യമായിരുന്ന സമയത്താണ് വിജയ് സേതുപതിക്കൊപ്പം മഹാരാജയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്ന് അനുരാഗ് കശ്യപ് മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മഹാരാജയിലേക്ക് അനുരാഗ് കശ്യപ് എങ്ങനെയാണ് എത്തിയതെന്ന് പറയുകയാണ് വിജയ് സേതുപതി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടൻ മഹാരാജയെക്കുറിച്ച് സംസാരിച്ചത്.
“സെൽവം എന്ന കഥാപാത്രത്തിനായി ഞങ്ങൾ ചെന്നൈയിലെ കുറച്ച് അഭിനേതാക്കളെ സമീപിച്ചിരുന്നു, പക്ഷേ കാര്യങ്ങൾ ശരിയായില്ല. പിന്നെ ഞങ്ങൾ അനുരാഗ് കശ്യപ് സാറിനെക്കുറിച്ച് ചിന്തിക്കുന്നത്. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു, ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. സത്യസന്ധമായി പറഞ്ഞാൽ, ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്” -എന്നാണ് വിജയ് സേതുപതി പറഞ്ഞത്.
സിനിമയുടെ ക്ലൈമാക്സ് രംഗത്തിനിടെ പരിക്കേറ്റിട്ടും ഒരു മടിയും കൂടാതെ അനുരാഗ് കശ്യപ് അഭിനയം തുടർന്നെന്നും സേതുപതി പറഞ്ഞു. തോളിന് ഗുരുതരമായ പരിക്കായിരുന്നു പക്ഷേ ഷോട്ട് എത്ര പ്രധാനമാണെന്ന് മനസ്സിലായതുകൊണ്ടാണ് തുടർന്നതെന്നും ‘വിഷമിക്കേണ്ട, ഞാൻ ഒരു കൈകൊണ്ട് ഇഴഞ്ഞു നീങ്ങും. അത് കൂടുതൽ ഒർജിനലാകും’ എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞതെന്ന് വിജയ് സേതുപതി ഓർത്തു. വേദനയെ മറികടന്നാണ് പ്രകടനം നടത്തിയതെന്നും അതാണ് അദ്ദേഹത്തിന്റെ പ്രതിബദ്ധതയെന്നും വിജയ് സേതുപതി പറഞ്ഞു.
വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രമായിരുന്നു മഹാരാജ. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലാണ് എത്തിയത്. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, കൽക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമാണം. ബി അജനീഷ് ലോക്‌നാഥ് ആണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

