'മകന്റെ പ്രവൃത്തി മനഃപൂർവ്വമല്ല, ആർക്കെങ്കിലും വേദനിച്ചെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു'; വിവാദത്തിൽ പ്രതികരിച്ച് വിജയ് സേതുപതി
text_fieldsപ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് സംവിധാനം ചെയ്ത് വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ’ഫീനിക്‌സ്’. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ സിനിമയുടെ പ്രീമിയറിൽ ആരാധകരുമായി സംവദിക്കുമ്പോൾ സൂര്യ സേതുപതി ച്യൂയിംഗം ചവക്കുന്ന വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു സിനിമയിൽ നായകനായപ്പോഴേക്കും സൂര്യക്ക് അഹങ്കാരമാണെന്ന രീതിയിൽ ട്രോളുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് വിജയ് സേതുപതി. 'മകന്റെ പ്രവൃത്തി മനഃപൂർവ്വമല്ല. അത് അറിയാതെ ചെയ്തതാകാം. ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിലോ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലോ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു' വിജയ് സേതുപതി പറഞ്ഞു.
നേരത്തെ സിനിമയുടെ പ്രഖ്യാപന സമയത്ത് സൂര്യയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തനിക്ക് ദിവസവും 500 രൂപ മാത്രമായിരുന്നു പോക്കറ്റ് മണി തന്നിരുന്നതെന്നും താന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നുമായിരുന്നു സൂര്യയുടെ പരാമര്‍ശങ്ങളില്‍ ഒന്ന്. ഡോക്ടറുടെ മകനും എഞ്ചിനീയറുടെ മകനും അതാത് ജോലികളിലേക്ക് വരുന്ന പോലെ തന്നെയാണ് ആക്ടറുടെ മകന്‍ ആക്ടിങിലേക്ക് വരുന്നതെന്നും സൂര്യ സേതുപതി പറഞ്ഞതും വിവാദമായിരുന്നു.
സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും മുമ്പ് നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ ബാലതാരമായാണ് സൂര്യ എത്തിയത്. ഈ സിനിമയിൽ വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂര്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2019 ൽ പുറത്തിറങ്ങിയ സംഗതമിഴൻ എന്ന സിനിമയിലും സൂര്യ അഭിനയിച്ചു. ഈ സിനിമയിൽ വിജയ് സേതുപതി തന്നെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

