
വിജയ് സേതുപതിക്കു നേരെ വിമാനത്താവളത്തിൽ ആക്രമണം; ചവിട്ടിവീഴ്ത്താൻ അജ്ഞാതന്‍റെ ശ്രമം-വീഡിയോ
text_fieldsബംഗളൂരു: നടൻ വിജയ് സേതുപതിക്കുനേരെ വിമാനത്താവളത്തിൽ അജ്ഞാതന്‍റെ ആക്രമണം. ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവാവ് സേതുപതിയെ ആക്രമിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് നടൻ കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവിൽ എത്തിയത്. ആക്രമണ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ദൃശ്യങ്ങൾ വൈറൽ
10 സെക്കൻഡിൽ താഴെയുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം.
വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്തമല്ല. അക്രമിയെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കീഴടക്കി. ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതി നടനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ 'വിക്രം', വെട്രിമാരന്റെ 'വിടുതലൈ', സാമന്തയും നയൻതാരയും അഭിനയിക്കുന്ന 'കതുവക്കുള രണ്ടു കാതൽ' എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
