കരൂർ ദുരന്തം ഇപ്പോഴും വേട്ടയാടുന്നു -വിജയ്
text_fieldsതമിഴ്‌നാട് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ വിജയ് തന്റെ ആദ്യത്തെ പ്രധാന രാഷ്ട്രീയ പോരാട്ടത്തെ നേരിടാൻ ഒരുങ്ങുകയാണ്. സമ്പൂർണ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ കരൂരിലെ ടി.വി.കെ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം, അവസാന ചിത്രമായ ജനനായകന്റെ സെൻസർ വിവാദം എന്നിവയുൾപ്പെടെ നിരവധി വിവാദങ്ങളും പ്രശ്നങ്ങളും താരത്തിന് നേരിടേണ്ടി വന്നു.
കരൂർ ദുരന്തത്തിന്‍റെ ഞെട്ടൽ ഇപ്പോഴും തന്നെ വേട്ടയാടുന്നു എന്ന് വിജയ് അടുത്തിടെ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സെപ്റ്റംബർ 27ന് വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെ നടന്ന അപകടത്തിൽ പത്ത് കുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടെ 41 പേർ മരിച്ചു.10,000 പേർക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന വേദിയിൽ വിജയ്‌യെ കാണാൻ ഏകദേശം 30,000 പേർ ഒത്തുകൂടിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന് സെൻസർഷിപ്പ് ക്ലിയറൻസ് ലഭിക്കാത്തതിനെക്കുറിച്ചുള്ള ചർച്ച കൂടുതൽ ശക്തമാവുകയാണ്. സെൻസർ ബോർഡ് പ്രതിനിധിയിൽ നിന്ന് ചിത്രത്തിന്റെ നിർമാതാവ് കെ.വി.എൻ പ്രൊഡക്ഷൻസിന്റെ വെങ്കട്ട് കെ. നാരായണന് ലഭിച്ച കത്ത് പുറത്തുവന്നതോടെ ചർച്ചകളുടെ വ്യാപ്തി വർധിച്ചു. 2025 ഡിസംബർ 22ന് എഴുതിയ കത്തിൽ, ബോർഡ് ആദ്യം ജനനായകന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചതായി വ്യക്തമാണ്.
16 വയസ്സിന് താഴെയുള്ളവരെ സിനിമയുടെ പ്രദർശനത്തിനായി തിയറ്ററുകളിൽ കൊണ്ടുപോകണോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കണമെന്നും ബോർഡ് നിർദ്ദേശിച്ച കട്ടുകൾ നിർമാതാക്കൾ പ്രയോഗിക്കണമെന്നും കത്തിൽ പറയുന്നു. ഒടുവിൽ, നിർമാതാക്കൾ സെൻസർ ബോർഡ് നിർദ്ദേശിച്ച വെട്ടിക്കുറവുകൾ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. എന്നാൽ, ബോർഡിലെ ഒരു അംഗം സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനത്തെ എതിർത്തു. ഇതാണ് സിനിമയുടെ സെൻസർഷിപ്പ് ക്ലിയറൻസിൽ കൂടുതൽ കാലതാമസമുണ്ടാക്കിയത്.
ഇന്ത്യയിൽ മതപരമായ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുള്ള ചില രംഗങ്ങൾ സിനിമയിലുണ്ടെന്ന് ബോർഡ് പറയുന്നു. ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെ.വി.എൻ പ്രൊഡക്ഷൻസിന്റെ വെങ്കട്ട് കെ. നാരായണൻ ഹൈകോടതിയെ സമീപിച്ചത്. സെൻസർ ബോർഡിനെതിരെ ഫയൽ ചെയ്ത കേസ് പിൻവലിച്ച് റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ ചിത്രത്തിന്റെ നിർമാതാവ് തീരുമാനിച്ചതായാണ് പുതിയ അഭ്യൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

