'കൂർഗിലെ സ്ത്രീകൾ അതീവ സുന്ദരിമാരാണ്, അതിൽ ഒരാളെ ഞാൻ വിവാഹം കഴിച്ചു'- ബന്ധു സൽക്കാരത്തിനിടെ വിജയ് ദേവരകൊണ്ട
text_fieldsവിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കൂർഗിലെ വിവാഹ ആഘോഷത്തിൽ
രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ ആഘോഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആഘോഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 26ന് ഉദയ്പൂരിൽ വിവാഹിതരായ ശേഷം മാർച്ച് 4ന് ഹൈദരാബാദിൽ ഇരുവരും ഒരു റിസപ്ഷൻ നടത്തിയിരുന്നു. ശേഷം ഏപ്രിൽ 6ന് രശ്മികയുടെ നാടായ കൂർഗിൽ വെച്ച് ഇരുവരും നടത്തിയ ബന്ധു സൽക്കാരത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കൂർഗിലെ വിരാജ്പേട്ടയിലുള്ള സെറിനിറ്റി കൺവെൻഷൻ ഹാളിൽ വെച്ചായിരുന്നു പരിപാടി. വിവാഹശേഷം ദമ്പതികളുടെ ആദ്യ കൂർഗ് സന്ദർശനം കൂടിയായിരുന്നു ഇത്. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നുതന്നെ വൈറലായി. രശ്മിക മന്ദാനയുടെ പിതാവ് ദമ്പതികൾക്കായി കൂർഗിലെ കുക്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അവരുടെ കുടുംബ ബംഗ്ലാവ് സമ്മാനമായി നൽകിയതായി റിപ്പോർട്ടുണ്ട്.
പരമ്പരാഗത കൊടവ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് ദമ്പതികൾ വേദിയിൽ എത്തിയത്. സ്വീകരണ വേളയിൽ വിജയ് ദേവരകൊണ്ട കൂർഗുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും, വ്യക്തിപരമായ ചില ഓർമകളെക്കുറിച്ചും സംസാരിച്ചു. 'അടുത്ത തവണ ഞാൻ വരുമ്പോൾ അവളുടെ ബാല്യവും ജീവിതവും ഇവിടെ വന്നു കാണാൻ ആഗ്രഹിക്കുന്നു. ഇത് മൂന്നാം തവണയാണ് ഞാൻ ഇവിടെ വരുന്നത്. ആദ്യമായി വരുന്നത് രശ്മികയെ അറിയുന്നതിനു മുമ്പാണ്. എന്റെ സ്കൂൾ സുഹൃത്തുക്കളോടൊപ്പം. കൂർഗ് ആയിരുന്നു ഞങ്ങളുടെ അവധിക്കാല വിനോദ കേന്ദ്രം' വിജയ് പറഞ്ഞു.
'എനിക്ക് ഈ സ്ഥലം വളരെ ഇഷ്ടപ്പെട്ടു, എത്ര മനോഹരമായ സ്ഥലം. രശ്മികയെ കാണുന്നതിനു മുമ്പുതന്നെ കൊടകിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. അതെ കൂർഗി സ്ത്രീകൾ അതീവ സുന്ദരിമാരാണ്. അതിൽ ഒരാളെ ഞാൻ വിവാഹം കഴിച്ചു. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങളെയെല്ലാവരെയും കാണാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്' വിജയ് കൂട്ടിച്ചേർത്തു.
തെലുങ്ക് സിനിമാലോകത്തെ ഏറ്റവും ജനപ്രിയമായ ഓൺ-സ്‌ക്രീൻ ജോഡികളിലൊന്നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇവരുടെ പേരുകൾ ചേർത്തുവെച്ച് ആരാധകർ നൽകിയ 'വിരോഷ്' എന്ന പേര് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. വർഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഉദയ്പൂരിലെ ഐ.ടി.സി മെമെന്റോസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിരോഷ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആഡംബരങ്ങളേക്കാൾ സ്വകാര്യതക്കും വൈകാരികമായ നിമിഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, തികച്ചും പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

