'വിജയ് മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം, സിനിമക്ക് വേണ്ടി ജീവൻ പണയം വെച്ചെടുത്ത രംഗം'; വെളിപ്പെടുത്തലുമായി അഭിമന്യു സിങ്
text_fieldsസിനിമയിലെ ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ നമ്മൾ പലപ്പോഴും കൈയടിക്കാറുണ്ട്, എന്നാൽ അതിന് പിന്നിൽ അഭിനേതാക്കൾ ജീവൻ വരെ പണയം വെക്കാറുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. തമിഴ് സിനിമയിലെ മുൻനിര നായകനും നിലവിലെ രാഷ്ട്രീയ നേതാവുമായ വിജയ്‌യും നടൻ അഭിമന്യു സിങും തമ്മിൽ 'വേലായുധം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അത്യന്തം അപകടകരമായ ഒരു അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലാതെ, ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വെച്ച് അവർ ചെയ്ത ഒരു ഫൈറ്റ് സീൻ മരണത്തിന്റെ വക്കോളമാണ് ഇരുവരെയുമെത്തിച്ചത്.
തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ അഭിമന്യു സിങ്, 'ഹിന്ദി റഷ്' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചത്. വിജയ്‌ക്കൊപ്പം തന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു 2011-ൽ പുറത്തിറങ്ങിയ 'വേലായുധം'. ചിത്രത്തിലെ വില്ലൻ വേഷമായിരുന്നു അഭിമന്യുവിന്. ഷൂട്ടിങ്ങിനായി കോയമ്പത്തൂരിൽ ഇറങ്ങി, അവിടെ നിന്ന് ആറ് മണിക്കൂറോളം കാറിൽ സഞ്ചരിച്ചാണ് അവർ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയത്. റെയിൽവേയിൽ നിന്നും വാടകയ്‌ക്കെടുത്ത ഒരു പ്രത്യേക ട്രെയിനിലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്.
അത്യന്തം അപകടം പിടിച്ച ആ രംഗം ചിത്രീകരിച്ചത് 2,500 അടിയിലധികം താഴ്ചയുള്ള താഴ്‌വരക്ക് കുറുകെയുള്ള പാലത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു. യാതൊരുവിധ സുരക്ഷാ റോപ്പുകളോ ഗിയറുകളോ ഇല്ലാതെയാണ് വിജയ്‌യും അഭിമന്യുവും ആ ട്രെയിനിന്റെ മുകളിൽ കയറി പരസ്പരം പോരാടിയത്. നേരിയൊരു അശ്രദ്ധയോ കാലിടറലോ സംഭവിച്ചിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിൽ കലാശിക്കുമായിരുന്ന ആ നിമിഷത്തെ വളരെ ഭീതിയോടെയാണ് അഭിമന്യു ഓർത്തെടുക്കുന്നത്.
തന്റെ സഹപ്രവർത്തകനായ വിജയ്‌യെക്കുറിച്ച് മികച്ച അഭിപ്രായമാണ് അഭിമന്യു പങ്കുവെച്ചത്. ഇത്രയുമധികം ആരാധകരുള്ള ഒരു സൂപ്പർസ്റ്റാർ ആയിട്ടുകൂടി വിജയ് വ്യക്തിജീവിതത്തിൽ തികച്ചും ലളിതവും വിനയവുമുള്ള ഒരു മനുഷ്യനാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 'വേലായുധം' എന്ന ചിത്രത്തിന് ശേഷം 2013-ൽ പുറത്തിറങ്ങിയ 'തലൈവ' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഒരു രാഷ്ട്രീയക്കാരനായി മാറിയെങ്കിലും വിജയ്‌യുടെ ഈ പഴയകാല സിനിമാ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ തെളിവായി ആരാധകർക്കിടയിൽ വീണ്ടും നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

