'ധനുഷ് എനിക്ക് പിതൃ തുല്യൻ, ആ ബന്ധം ഇല്ലാതായതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'- വിഘ്നേഷ് ശിവൻ
text_fieldsനയൻതാരയും ധനുഷുമായുണ്ടായ ചില പ്രശ്നങ്ങൾ സമൂഹ മാധ്യങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ അന്ന് ഉണ്ടായ പരസ്യമായ പ്രശ്നത്തിനുശേഷം ആ സൗഹൃദം നഷ്ടപ്പെട്ടതിൽ ഖേദമുണ്ടെന്ന് നയൻതാരയുടെ ഭർത്താവും ചലച്ചിത്ര സംവിധായകനുമായ വിഘ്നേഷ് ശിവൻ പറഞ്ഞു. 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന സിനിമയുടെ റിലീസിന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. ധുനുഷിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, അദ്ദേഹത്തെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയായി എപ്പോഴും പരിഗണിക്കുമെന്ന് വിഘ്നേഷ് പറഞ്ഞു.
'എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. ജൂലൈ 28നാണ് അദ്ദേഹത്തിന്റെ ജന്മദിനം. അതേ ദിവസം തന്നെയാണ് എന്റെ അച്ഛൻ മരിച്ചതും. എനിക്ക് അദ്ദേഹത്തിൽ നിന്നും ഒരു പിതൃതുല്യമായ സാന്നിധ്യമാണ് തോന്നാറ്. ആ ബന്ധം ഇല്ലാതായതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അതിൽ എനിക്ക് ലജ്ജ തോന്നുന്നു. എപ്പോഴോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് സാർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്' വിഘിനേഷ് പറഞ്ഞു.
'വി.ഐ.പിയുടെ ഷൂട്ടിങ് സമയത്ത് ഞാൻ രണ്ട് വർഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ. ചിലപ്പോൾ ആളുകൾക്കിടയിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ നമുക്ക് സാഹചര്യം മനസ്സിലാകണമെന്നില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽ ധനുഷിന് നയൻതാര തുറന്ന കത്ത് അയച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം പരസ്യമായത്. താൻ നിർമാതാവായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചതിന് നയൻതാരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾക്കുമെതിരെ ധനുഷ് കേസ് കൊടുത്തിരുന്നു. അതിനുശേഷം ഇതേചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തന്‍റെ അനുവാദം വാങ്ങാതെയാണ് നയൻതാര 'ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന ഡോക്യുമെന്‍ററിയിൽ ക്ലിപ്പ് ഉപയോഗിച്ചതെന്നായിരുന്നു ധനുഷിന്റെ അവകാശവാദം.
24 മണിക്കൂറിനുള്ളിൽ ക്ലിപ്പ് ഡോക്യുമെന്‍ററിയിൽനിന്ന് നീക്കം ചെയ്യണമെന്ന് കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് നയൻതാരക്കും വിഘ്‌നേഷിനും ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾക്കും ധനുഷ് മുന്നറിയിപ്പ് നൽകിയിരുന്നു. അവഗണിച്ചാൽ കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. ധനുഷ് കേസ് ഫയൽ ചെയ്തതിന് ശേഷം, നയൻതാര ഒരു തുറന്ന കത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മൂന്ന് സെക്കൻഡ് ക്ലിപ്പ് ഉപയോഗിക്കുന്നതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടതായി കത്തിൽ നയൻതാര ആരോപിച്ചിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ വലിയ രീതിയിലുള്ള നിയമ പോരാട്ടങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

