കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്; മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നടി സുപർണ ആനന്ദ്
text_fieldsമലയാള സിനിമയിൽ നിന്ന് കയ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി സുപർണ ആനന്ദ്. കാസ്റ്റിങ് കൗച്ച് പണ്ടു മുതലെ സിനിമയിൽ ഉണ്ടെന്നും എന്നാൽ നടിമാർ തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്നും നടി ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു. കൂടാതെ വിഷയത്തിൽ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിച്ചെന്നും കൂട്ടിച്ചേർത്തു.
'കാസ്റ്റിങ് കൗച്ച് ഇതാദ്യമായിട്ടല്ല. നേരത്തെ മുതലെ സിനിമയിലുണ്ട്. മലയാള സിനിമയിൽ നിന്ന് കയ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് നിന്നുകൊടുക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. അതുകൊണ്ടാണ് സിനിമയിൽ നിന്ന് അകന്നത്. എല്ലാ ആളുകളും ഇതിനൊന്നും തയാറല്ല. സിനിമയിൽ ഇതിനൊന്നും തയാറാകാത്തവരുമുണ്ട്. ഉപദ്രവിച്ച ആളുകളുടെ പേര് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കണം'.
ആരോപണ വിധേയനായ നടനും എം.എൽ.എ.യുമായ മുകേഷ് രാജിവെക്കണം അല്ലെങ്കിൽ നിരപരാധിയാണെന്ന് തെളിയിക്കണമെന്നും നടി പറഞ്ഞു. 'സമൂഹത്തെ പരിപാലിക്കാനാണ് വരുന്നതെങ്കിൽ നിങ്ങൾ കളങ്കമില്ലാത്ത ആളായിരിക്കണം. എന്തെങ്കിലും ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതു ശരിയല്ലെന്ന് അവർ തന്നെ തെളിയിക്കണം'.
മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിച്ചെന്നും സുപർണ പറഞ്ഞു.'നേതൃത്വത്തിന്‍റെ പരാജയമാണ് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്) ഭരണസമിതിയുടെ രാജിയിലേക്ക് നയിച്ചത്. സ്ത്രീകളും നേതൃത്വത്തിലേക്ക് വരണം. താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെ'-സുപര്‍ണ്ണ പറഞ്ഞു
വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന നടിയാണ് സുപര്‍ണ ആനന്ദ്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരം വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

