വൈരമുത്തു, പ്രതിഭയും വിവാദ നായകനും
text_fieldsചെന്നൈ: ജ്ഞാനപീഠ പുരസ്കാരം തേടിയെത്തിയ വൈരമുത്തു തമിഴ് സിനിമ, സാഹിത്യ മേഖലക്ക് നൽകിയത് മികച്ച സംഭാവനകൾ. സാഹിത്യ മേഖലയിൽ തിളങ്ങിയപ്പോഴും വിവാദങ്ങളിൽ കുടുങ്ങിയത് ഇദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. 2018ൽ ഗായിക ചിൻമയി ‘മീടു’ ആരോപണം ഉന്നയിച്ചു. തുടർന്ന് മറ്റു നിരവധി പേരും വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തി. ‘കുമുദം’ തമിഴ് മാസികയിൽ പ്രസിദ്ധീകരിച്ച ‘ഒരു നടികൈ മാപ്പിള്ളൈ തേടുകിറാൾ’ എന്ന കവിതക്കെതിരെ നിരവധി സിനിമ നടിമാർ പ്രതിഷേധവുമായി രംഗത്തെത്തി.
1986ൽ സംഗീത സംവിധായകൻ ഇളയരാജയുമായി അകന്നതും വിവാദത്തിന് കാരണമായി. ഒരു വിഭാഗം ഹൈന്ദവർ ദൈവമായി ആരാധിക്കുന്ന ‘ആണ്ടാൾ’ ഒ ദേവദാസി ആണെന്ന് അവകാശപ്പെടുന്ന ഒരു ഗവേഷണ ലേഖനത്തെക്കുറിച്ച് പ്രഭാഷണത്തിനിടെ ഉദ്ധരിച്ചതും വൻ കോലാഹലത്തിനിടയാക്കി. ഇതുമായി ബന്ധപ്പെട്ട് വൈരമുത്തുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇദ്ദേഹം നടത്തുന്ന പ്രസംഗങ്ങൾക്കിടെ ഉണ്ടായ പല പരാമർശങ്ങൾക്കുമെതിരെ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധിക്കുന്നതും പതിവായിരുന്നു.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിലെ കർഷക കുടുംബത്തിലെ രാമസാമിക്കും ഭാര്യ അങ്കമ്മാൾക്കും 1953 ജൂലൈ 13ന് വൈരമുത്തു ജനിച്ചു. പത്താം വയസ്സുമുതൽ അദ്ദേഹം കവിതകൾ എഴുതിത്തുടങ്ങി. കൗമാരപ്രായത്തിൽ തന്നെ സ്കൂളിലെ പ്രഭാഷകനും കവിയുമായി അറിയപ്പെട്ടു. പതിനാലാം വയസ്സിൽ തിരുവള്ളുവറിന്റെ തിരുക്കുറളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ‘വെൻബ കവിതകൾ’ എന്ന ഒരുകൂട്ടം കവിതകൾ എഴുതി.
യുവാവായിരിക്കെ വൈരമുത്തു തമിഴിലെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും ആകർഷിക്കപ്പെട്ടു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പരിഭാഷകനായാണ് ജോലി ആരംഭിച്ചത്. ഈ സമയത്തുതന്നെ അദ്ദേഹത്തിന്റെ കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പി. ഭാരതിരാജയുടെ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ 1980ൽ തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. 19ാമത്തെ വയസ്സിൽ ‘വൈഗരൈ മേഘങ്ങൾ’ എന്ന പേരിൽ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. മദ്രാസ് സർവകലാശാലയിൽ തമിഴ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
ഇളയരാജ സംഗീതം നൽകി എസ്.പി ബാലസുബ്രമണ്യം ആലപിച്ച ‘പൊൻമാലൈ പൊഴുത്’ എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമക്കായി ആദ്യമായി എഴുതിയത്. ‘കാളി’ എന്ന ചിത്രത്തിലെ ‘ഭദ്രകാളി ഉത്തമശീലി’ എന്ന പാട്ടാണ് ആദ്യം പുറത്തിറങ്ങിയത്. 80ലെ ‘നിഴൽകൾ’ എന്ന സിനിമക്കുശേഷം സംഗീത സംവിധായകൻ ഇളയരാജ, സംവിധായകൻ ഭാരതിരാജ എന്നിവരുമായ കൂട്ടുക്കെട്ടിൽ നിരവധി ഗാനങ്ങൾ പിറന്നു. സംവിധായകരായ കെ. ബാലചന്ദർ, മണിരത്നം, ശങ്കർ തുടങ്ങിയവരുമായും പ്രവർത്തിച്ചു. ഈ സമയത്ത് ജോലി രാജിവെച്ച് മുഴുവൻ സമയവും സാഹിത്യ രചനകളിൽ മുഴുകി. 40 വർഷത്തെ സിനിമ ജീവിതത്തിൽ 150ഓളം സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
1986ൽ അമീർജാൻ സംവിധാനം ചെയ്ത ‘നട്പ്’ എന്ന സിനിമയുടെ തിരക്കഥാകൃത്തായി അദ്ദേഹം അരങ്ങേറി. പിന്നീട് തുളസി (1987), വണ്ണ കനവുകൾ (1987), ആൻറ് പെയ്ത മളയിൽ (1989), വണക്കം വാദ്യാരെ (1991) എന്നീ സിനിമകൾക്കും തിരക്കഥയെഴുതി. കവിതാസമാഹാരങ്ങളും തമിഴ് നോവലുകളും ഉൾപ്പെടെ 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചത്.
ഇതിൽ പലതും ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട, റഷ്യൻ, നോർവീജിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വിദേശ കവികളുടെ നിരവധി കൃതികൾ അദ്ദേഹം തമിഴ് വായനക്കാർക്കും പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കൃതികൾ 2.6 ദശലക്ഷത്തിലധികം പകർപ്പുകൾ വിൽക്കപ്പെട്ടു. കള്ളിക്കട്ട് ഇതിഹാസം, കരുവാച്ചി കാവിയം, മൂൻറാം ഉലകപ്പോർ തുടങ്ങിയ നോവലുകൾ പ്രശസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

