മലയാള സിനിമയുടെ 'ശ്രീ' മാഞ്ഞു; ശ്രീനിവാസൻ നമ്മുടെ മനസ്സിൽ എന്നും ജീവിക്കും -വി. ശിവൻകുട്ടി
text_fieldsമലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ് ശ്രീനിവാസന്റെ വിയോഗമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിമർശനങ്ങൾ നിലനിന്നിരുന്നുവെങ്കിലും സാധാരണക്കാരന്റെ ജീവിതവും പ്രശ്നങ്ങളും ഇത്രയേറെ തനിമയോടെയും, അതേസമയം നർമത്തിന്റെ മേമ്പൊടിയോടെയും അവതരിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണെന്ന് ശിവൻകുട്ടി കുറിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.
വി. ശിവൻകുട്ടിയുടെ പോസ്റ്റ്
മലയാള സിനിമയുടെ 'ശ്രീ' മാഞ്ഞു; പ്രിയപ്പെട്ട ശ്രീനിവാസന് ആദരാഞ്ജലികൾ. മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ് പ്രിയപ്പെട്ട ശ്രീനിവാസന്റെ വിയോഗം. നടനായും തിരക്കഥാകൃത്തായും സംവിധായകനായും പതിറ്റാണ്ടുകളോളം നമ്മുടെ സിനിമാലോകത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
വിമർശനങ്ങൾ നിലനിന്നിരുന്നുവെങ്കിലും സാധാരണക്കാരന്റെ ജീവിതവും പ്രശ്നങ്ങളും ഇത്രയേറെ തനിമയോടെയും, അതേസമയം നർമത്തിന്റെ മേമ്പൊടിയോടെയും അവതരിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം രചിച്ച തിരക്കഥകൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളാണ്.
വടക്കുനോക്കിയന്ത്രം,വരവേൽപ്പ്, നാടോടിക്കാറ്റ്, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങൾ മലയാളി ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും. വെള്ളിത്തിരയിലെ ആ ചിരി മാഞ്ഞെങ്കിലും, അദ്ദേഹം ബാക്കിവെച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ നമ്മുടെ മനസ്സിൽ എന്നും ജീവിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ഈ വിയോഗം താങ്ങാനുള്ള കരുത്ത് അവർക്കുണ്ടാകട്ടെ.
ആദരാഞ്ജലികൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

