‘എല്ലാക്കാലത്തും സ്റ്റാർ അവളായിരുന്നു, കോളജിലെ മിമിക്രി മത്സരത്തിൽ ജയിച്ചുവരുമ്പോൾ തോളിലേറ്റി നടക്കും’; കല്പനയുടെ ഓർമകൾ പങ്കിട്ട് ഉർവശി
text_fieldsമലയാള സിനിമയിലെ പ്രിയ സഹോദരിമാരായിരുന്നു ഉർവശിയും കല്പനയും. അഭിനയവഴിയിൽ ഇരുവരും സ്വന്തമായ ഇടം നേടിയെങ്കിലും വ്യക്തിജീവിതത്തിലും പരസ്പരം ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ സഹോദരി കല്പനയെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള ഓർമകളും അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഉർവശി. താരത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
എല്ലാ കാലത്തും കല്പന തന്നെയായിരുന്നു സ്റ്റാർ എന്ന് ഉർവശി പറയുന്നു. കല്പനയുടെ ചേച്ചിയെന്നും അനിയത്തിയെന്നുമുള്ള പരിഗണന തനിക്കും തന്‍റെ ചേച്ചിയായ കലാരഞ്ജിനിക്കും എപ്പോഴും ലഭിച്ചിരുന്നെന്നും ഉർവശി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ തന്നെ ആദ്യമായി മിമിക്രി മത്സരങ്ങളിൽ പങ്കെടുത്ത ഒരു പെൺകുട്ടിയായിരുന്നു കല്പന. മിക്കവാറും മത്സരങ്ങളിൽ അവൾ തന്നെയാണ് ജയിക്കാറുള്ളത്. ഇങ്ങനെ ജയിച്ചുവരുമ്പോൾ കോളജിലെ ചേട്ടന്‍മാർ കൽപ്പനയെ തോളിൽ കയറ്റി കോളജിന് ചുറ്റും കൊണ്ട് നടക്കുമായിരുന്നുന്നെന്നും ഉർവശി ഓർത്തെടുത്തു.
ചെറുപ്പത്തിൽ അച്ഛന്റെ കൈയിൽനിന്ന് ഏറ്റവും കൂടുതൽ അടി കിട്ടിയിട്ടുണ്ടാവുക കൽപ്പനക്കായിരിക്കുമെന്നും അതിന് ഒരു പരിധിവരെ കാരണം താനാണെന്നും ഉർവശി പറഞ്ഞു. സ്കൂൾ വിട്ടുവരുന്ന വഴിയിൽ കല്പന ചിലപ്പോഴൊക്കെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് തന്നെയും കൂട്ടിക്കൊണ്ടുപോകുമായിരുന്നുവെന്നു. അച്ഛനോട് പറയരുതെന്ന് പറഞ്ഞാണ് കല്പന കൂട്ടിക്കൊണ്ടുപോകാറുള്ളത്. എന്നാൽ വീട്ടിലെത്തുമ്പോൾ അച്ഛന്റെ നോട്ടം കണ്ടാൽ താൻ എല്ലാം തുറന്നുപറയും. പിന്നാലെ അച്ഛന്റെ കൈയിൽനിന്ന് കൽല്പനക്ക് നല്ല അടി കിട്ടുമെന്നും ഉർവശി ചിരിയോടെ ഓർത്തെടുത്തു.
അമ്മക്കൊപ്പമുള്ള ഓർമകളും ഉർവശി പങ്കുവച്ചു. അമ്മയായിരുന്നു തന്റെ കളിക്കൂട്ടുകാരിയെന്ന് ഉർവശി പറഞ്ഞു. `കല ചേച്ചിയും മിനി ചേച്ചിയും സ്കൂളിൽ പോകും. അമ്മയാണ് എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നത്. അമ്മയും എനിക്കൊപ്പം കളിക്കാൻ കൂടും. ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമ ചെയ്യുമ്പോൾ എന്റെ അമ്മയുടെ തമാശകളും കുസൃതികളും തന്നെയാണ് പകർത്തിയത്' -ഉർവശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

