‘നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ’ പോളിസിയിൽ മാറ്റമില്ല; റൊമാൻസ് കാണിക്കാൻ മറ്റു മാർഗങ്ങളുണ്ടെന്ന് ഉണ്ണി മുകുന്ദൻ
text_fieldsഉണ്ണി മുകുന്ദൻ
റിയൽ ലൈഫിലായാലും റീൽ ലൈഫിലായാലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ച യുവനടനാണ് ഉണ്ണി മുകുന്ദൻ. മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വൾഗർ ഡയലോഗുകളോ സെക്‌ഷ്വൽ തമാശകളോ ഇല്ലാത്ത ക്ലീൻ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബിയെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട മറ്റൊരഭിമുഖത്തിൽ തന്റെ ‘നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ’ പോളിസിയിൽ മാറ്റമില്ലെന്ന് പറയുകയാണ് താരം.
“എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാൻ മറ്റു മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിന് കിസ്സിങ് സീൻ തന്നെ വേണമെന്നില്ല. എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്.
സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തിൽ പ്രേക്ഷകനെ തോന്നിപ്പിക്കാൻ കഴിയുന്നില്ലേ. ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റുള്ളവർ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതിൽ എനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല. എന്റെ സിനിമ കുടുംബ പ്രേക്ഷകരും കാണണമെന്നാണ് എന്റെ ആഗ്രഹം” -ഉണ്ണി മുകുന്ദൻ പറഞ്ഞു.
2014നു ശേഷം തന്നെ ചെറിയ റോളുകളിലേക്ക് ഒതുക്കാൻ ശ്രമിച്ചെന്നും സ്ഥിരമായി വില്ലൻ റോളുകൾ മാത്രമായപ്പോഴാണ് 2018ൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. കൂടുതലും കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമകൾ ചെയ്യാനാണ് തന്റെ ആഗ്രഹം. തന്റേതായ വികാരങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്ന ചിത്രങ്ങൾ നിർമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉണ്ണി പറഞ്ഞു.
മാർക്കോക്ക് ശേഷമെത്തുന്ന ഗെറ്റ് സെറ്റ് ബേബിയിൽ കുടുംബ നായകനായാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിൽ ഗൈനോക്കോളജിസ്റ്റ് ആയാണ് താരം വേഷമിടുന്നത്. നിഖില വിമലാണ് നായിക. ഐ.വി.എഫ് ചികിത്സരീതി വാടക ഗർഭപാത്രം എന്നീ വിഷയങ്ങളെ പറ്റിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ചെമ്പൻ വിനോദ്, ജോണി അന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.
ആർഡിഎക്സിനു ശേഷം അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യ സംരംഭമാണ് ഈ സിനിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

