ഇരുവർ ഇരുനിറം
text_fieldsജിന്റോ തോമസ്, വിഷ്ണു കെ. മോഹൻ,
ലോകത്തിലെ ഏറ്റവും നല്ല നിറം തേടിപ്പോകുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ‘ഇരുനിറം’. മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിച്ച് വിഷ്ണു കെ. മോഹന്റെ തിരക്കഥയിൽ ജിന്റോ തോമസ് സംവിധാനം ചെയ്ത ചിത്രം ഇതിനകം നിരവധി ചലച്ചിത്രമേളകളില്‍ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. സമൂഹത്തിലെ ജാതീയതയും വർണവിവേചനവും തുറന്നുകാട്ടുന്ന ചിത്രം തിയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ‘ഇരുനിറ’ത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ജിന്റോ തോമസും ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിഷ്ണു കെ. മോഹനും ചിത്രത്തെക്കുറിച്ചും തങ്ങളുടെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.
ജിന്റോ തോമസ്: നമ്മള് ഈ ചിത്രത്തിനായി ദീർഘകാലം ഒന്നിച്ച് പ്രവർത്തിച്ചെങ്കിലും എപ്പോഴെങ്കിലും ഇത്തരത്തില്‍ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
വിഷ്ണു കെ. മോഹന്‍: ചിത്രം ചർച്ച ചെയ്യപ്പെടുമെന്നത് ഉറപ്പായിരുന്നു. കാരണം, അത്തരമൊരു വിഷയമാണല്ലോ ഇതിലൂടെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ഇത്രത്തോളം അംഗീകാരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വളരെ അവിചാരിതമായാണ് ‘ഇരുനിറം’ ചെയ്യുന്നത്. ഒരു നല്ല കഥ വന്നപ്പോൾ കലാമൂല്യമുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ഒരു നിർമാതാവിനെ കണ്ടെത്തലായിരുന്നല്ലോ നമ്മള് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നിരവധി ആളുകള്‍ക്കു ശേഷം സിജി മാളോല എന്ന നിർമാതാവിനോട് കഥപറയുകയും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ‘ഇരുനിറം’ സംഭവിക്കുകയും ചെയ്തു. പിന്നീട് തന്മയ സോൾ, ദിനീഷ്, ജിയോ ബേബി, നിഷ സാരംഗ് എന്നിങ്ങനെ ഒരുപിടി നല്ല ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗമായി.
വിഷ്ണു കെ മോഹന്‍: 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘കാടകലം’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്നു. ഇപ്പോൾ സംവിധാന രംഗത്തേക്കു വരുന്നു. ഏതിനോടാണ് കൂടുതൽ താൽപര്യം?
ജിന്റോ തോമസ്: സംവിധാനംതന്നെയാണ് ആഗ്രഹം. സിബി മലയിലിന്റെ കിഴിലായിരുന്നു എന്റെ സിനിമ പഠനം. ആദ്യമൊക്കെ പരസ്യചിത്രങ്ങളിൽ വർക്ക് ചെയ്തു. പിന്നീട് ലിയോ തദ്ദേവൂസിന്റെ ചിത്രത്തിൽ അസി. ഡയറക്ടറായി അദ്ദേഹത്തോടൊപ്പം ചേർന്നു. അങ്ങനെ ‘കാടകലം’ എന്ന സിനിമ വരുകയും അതിൽ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറുമായി വർക്ക് ചെയ്തു. ഇനി സംവിധാന രംഗത്ത് തുടരാൻതന്നെയാണ് ആഗ്രഹം.
‘ഇരുനിറം’ എന്റെ ആദ്യചിത്രം എന്നുപറയാന്‍ സാധിക്കില്ല. പ്രതിലിപി െപ്രാഡക്ഷന്റെ ‘പടച്ചോന്റെ കഥകൾ’ എന്ന ആന്തോളജി സിനിമയിൽ അന്തോണി എന്ന സെഷൻ സംവിധാനം ചെയ്തിരുന്നു. അതിനുശേഷമാണ് ‘ഇരുനിറ’ത്തിലേക്ക് എത്തുന്നത്. ‘ഇരുനിറം’ കഥയുണ്ടാകുന്നതിനെക്കുറിച്ച് വിഷ്ണുവിനായിരിക്കും കൂടുതല്‍ പറയാന്‍ സാധിക്കുക. എന്താണ് ഈ സമയം അതേക്കുറിച്ച് ഓർക്കുമ്പോള്‍ പറയാനുള്ളത്.
വിഷ്ണു: ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തിൽനിന്നാണ് ഈ കഥയുടെ ആലോചന തുടങ്ങിയത്. നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ ഫാദർ ജോജോ മണിമല എന്ന ഒരു വികാരിയച്ഛൻ ഒരു സൗഹൃദ സംഭാഷണത്തിനിടെ എന്നോടും ജിന്റോയോടും പറയുന്നിടത്തു നിന്നാണ് ഇത് ആരംഭിക്കുന്നത്. ഒരു സിനിമചെയ്യണം എന്ന ഞങ്ങളുടെ തീരുമാനം ആദ്യം എത്തിച്ചത് ഈ കഥയിലേക്കാണ്. പിന്നീട് അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും ഈ സംഭവം ആസ്പദമാക്കി മറ്റൊരു കഥ എഴുതുകയും ചെയ്തു. അതാണ് ‘ഇരുനിറ’മായി മാറിയത്.
ജിന്റോ തോമസ്: ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമായ സിനിമ എന്ന അംഗീകാരമാണ് നമുക്ക് മിക്കവാറും എല്ലായിടത്തുനിനിന്നും കിട്ടിയത്.
വിഷ്ണു: അതെ, അത് വളരെ സന്തോഷം നല്കുന്ന കാര്യമാണ്. ഈ കഥ ആലോചിച്ച സമയത്ത് കേരളത്തിലെ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ജാതി-വർണ അധിക്ഷേപങ്ങളെകുറിച്ചുള്ള വാർത്തകൾ ഞാൻ ശേഖരിച്ചിരുന്നു. കഴിഞ്ഞ വർഷം തന്നെ ചെറുതും വലുതുമായ ഇത്തരം ചില സംഭവങ്ങൾ കേരളത്തില്‍ തന്നെ നടന്നിട്ടുണ്ട്. ഇന്നും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും അധിക്ഷേപങ്ങൾ നേരിടുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. ഇതിനൊക്കെ ഒരു മാറ്റം വരുന്നതുവരെ ഇത്തരം കഥകൾക്ക് ഇവിടെ പ്രസക്തിയുണ്ട്.
ജിന്റോ തോമസ്: ബി.എസ് സി നഴ്സിങ് പഠിച്ച വിഷ്ണു സിനിമയിലേക്ക് എത്തിയ വഴി രസകരമായിരുന്നല്ലോ. അതേക്കുറിച്ച് വിശദമാക്കുമോ?
വിഷ്ണു: ബി.എസ് സി നഴ്സിങ് പഠിക്കുന്നതിനിടയിലും സിനിമ ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ കോഴ്സ് കഴിഞ്ഞുനിൽക്കുന്ന സമയത്താണ് സൂര്യ ടി.വിയിൽ ഒരു കോമഡി സീരിയൽ ചെയ്യുന്നത്. അതിലേക്ക് എന്നെ കൊണ്ടുവരുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ ദിലീപ് പൊന്നനും കലാഭവൻ സരിഗ ചേച്ചിയുമാണ്. ഇവർ രണ്ടുപേരുമാണ് എന്നെ എഴുത്ത് പഠിപ്പിച്ചതും തിരക്കഥാകൃത്ത് ആക്കിയതും. പിന്നീട് ജിന്റോയുടെ തന്നെ ‘പടച്ചോന്റെ കഥകൾ’ എന്ന ആന്തോളജി സിനിമക്ക് തിരക്കഥ എഴുതി. ഇപ്പോൾ രണ്ടാമത്തെ സിനിമയിലും നമ്മൾ ഒരുമിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

