'സിംഗ്ൾ-ചൈൽഡ് സിൻഡ്രോം ഉണ്ട്, ആരുമായും മുറി പങ്കിടാൻ കഴിയില്ല, ഇപ്പോൾ ഒറ്റക്ക് ജീവിക്കുന്നതാണ് ഇഷ്ടം' -തൃഷ കൃഷ്ണൻ
text_fields1999ൽ അരങ്ങേറ്റം കുറിച്ചത് മുതൽ തമിഴ് ചലച്ചിത്രമേഖലയിൽ ഉറച്ച സാന്നിധ്യമാണ് തൃഷ കൃഷ്ണൻ. 40കളിലും നായിക വേഷങ്ങളിൽ അഭിനയിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളായി തൃഷ മാറി. 2025ൽ മാത്രം, ഐഡന്റിറ്റി, വിടാമുയാർച്ചി, ഗുഡ് ബാഡ് അഗ്ലി, തഗ് ലൈഫ് എന്നിവയുൾപ്പെടെ നാല് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. സിനിമകൾ പോലെ തന്നെ താരത്തിന്‍റെ വ്യക്തി ജീവിതവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
അടുത്തിടെ, ചണ്ഡീഗഢ് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തൃഷ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കിംവദന്തികൾ തള്ളി. വിവാഹ വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ ഹണിമൂണും ഷെഡ്യൂൾ ചെയ്യാൻ കാത്തിരിക്കുന്നു എന്നായിരുന്നു നടി പങ്കുവെച്ച പോസ്റ്റ്. തനിക്ക് സ്റ്റീരിയോടൈപ്പിക് ഡേറ്റിങ്ങിൽ വിശ്വാസമില്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ആരുമായും പ്രണയത്തില്ലെന്ന് 2023ൽ ഐഡ്രീം ക്ലിപ്‌സിന് നൽകിയ അഭിമുഖത്തിൽ തൃഷ പറഞ്ഞിരുന്നു. ജീവിതത്തിലെ വളരെ സമാധാനപരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഒറ്റക്കായതിൽ ബുദ്ധിമുട്ടുള്ള സമയമുണ്ടായിരുന്നെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ ഒറ്റക്ക് ജീവിക്കുന്നത് ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു. തനിക്ക് സിംഗ്ൾ-ചൈൽഡ് സിൻഡ്രോം വളരെ കൂടുതലാണെന്നും നടി പറഞ്ഞു. ഒരാളുമായി മുറി പങ്കിടുന്നത് പോലും സ്വകാര്യതയെ ബാധിക്കുമെന്ന് കരുതുന്നതായും താരം വ്യക്തമാക്കിയിരുന്നു.
മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു പത്രസമ്മേളനത്തിൽ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ നടി പങ്കുവെച്ചിരുന്നു. വിവാഹ സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയായാലും ഇല്ലെങ്കിലും ജീവിതത്തിൽ സംതൃപ്തയാണെന്നും നടി പറഞ്ഞു. 'വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല' - തൃഷ പറഞ്ഞു. വിവാഹത്തെക്കുറിച്ച് മുമ്പും ഇതേ നിലപാട് തന്നെയായിരുന്നു താരത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

