‘അവളുടെ മരണത്തിന് കാരണക്കാരൻ ആ വ്യക്തി’: ഹോളിവുഡ് താരം ഹെയ്ഡൻ പനേറ്റിയറിന്റെ മരണത്തിൽ അമ്മയുടെ വെളിപ്പെടുത്തൽ
text_fieldsഹെയ്ഡൻ പനേറ്റിയർ അമ്മയോടൊപ്പം
അമേരിക്കൻ നടിയും ഹീറോസ്, നാഷ്‌വിൽ തുടങ്ങിയ പ്രശസ്തമായ പരമ്പരകളിലൂടെ ശ്രദ്ധേയയുമായ ഹെയ്ഡൻ പനേറ്റിയറിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി അമ്മ രംഗത്ത്. 36-ാം വയസ്സിലാണ് താരം അന്തരിച്ചത്. ആഗസ്റ്റ് 21ന് വരാനിരുന്ന തന്റെ 37-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വേർപാട്.
ഹെയ്ഡൻ പനേറ്റിയർ തന്റെ ജീവിതപാതയിൽ നിന്നും വഴിതെറ്റിപ്പോയതായി അവരുടെ അമ്മ വോഗൽ വേദനയോടെ പ്രതികരിച്ചു: ‘അവൾ സ്വയം സത്യസന്ധത പുലർത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു’. എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വോഗൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞു. ‘ഞങ്ങൾ ഏറെക്കാലമായി ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ആ വ്യക്തി അവളുടെ മരണസമയത്തും കൂടെയുണ്ടായിരുന്നു. അത് ബ്രയാൻ ഹിക്കേഴ്‌സൺ ആണ്’.
നടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എബിസി റിപ്പോർട്ട് പ്രകാരം, യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും (DEA) കേസിൽ അന്വേഷണത്തിനായി ഒപ്പമുണ്ടെന്ന് വ്യക്തമാക്കുന്നു. മരണശേഷം പ്രതികരണവുമായി ഹെയ്ഡന്‍റെ മുൻ കാമുകനായ ബ്രയാൻ ഹിക്കേഴ്‌സണും രംഗത്തെത്തിയിട്ടുണ്ട്.
മരണസമയത്ത് സൗത്ത് കരോലിനയിലെ വസതിയിൽ ഹെയ്ഡനൊപ്പം ബ്രയാനും സഹോദരൻ സാക്ക് ഹിക്കേഴ്‌സണും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മുൻ റിപ്പോർട്ടുകൾ പ്രകാരം, മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ബ്രയാനിൽ നിന്നും വ്യത്യസ്തമായി സാക്കാണ് ഹെയ്ഡനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയും 911ൽ വിളിച്ച് സഹായം തേടുകയും ചെയ്തത്. ശരീരത്തിൽ പരിക്കുകളുടെ പാടുകളൊന്നും ദൃശ്യമല്ലെന്നും എന്നാൽ മരണകാരണം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഹെയ്ഡൻ പനേറ്റിയറും ബ്രയാൻ ഹിക്കേഴ്സണും തമ്മിലുള്ള ബന്ധം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ബ്രയാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പറഞ്ഞി് 2020ൽ നടി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും കോടതി തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തന്റെ ശിക്ഷാകാലാവധി ഇളവുചെയ്തു കിട്ടാൻ ബ്രയാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ അപേക്ഷ തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറങ്ങിയ തന്റെ 'ദിസ് ഈസ് മി' എന്ന ആത്മകഥയിൽ ബ്രയാനുമായുള്ള ബന്ധത്തെക്കുറിച്ചും അക്കാലത്തെ പ്രയാസങ്ങളെക്കുറിച്ചും താരം തുറന്നെഴുതിയിട്ടുണ്ട്. താൻ ബ്രയാനെതിരെ നിയമനടപടികൾ സ്വീകരിച്ചത് അയാളെ ഒരു പാഠം പഠിപ്പിക്കാൻ മാത്രമാണെന്നും, ഒരിക്കലും അയാളെ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഹെയ്ഡൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

