കമല്‍ഹാസനുമായുള്ള പ്രണയരംഗങ്ങൾ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് തൃഷ
text_fields35 വർഷത്തെ ഇടവേളക്ക് ശേഷം മണിരത്നം കമൽഹാസൻ കോംബോയിൽ ഒരുങ്ങിയ തഗ് ലൈഫ് 2025 ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അഭിരാമി, തൃഷ എന്നിവർക്കൊപ്പമുള്ള കമൽഹാസന്റെ പ്രണയ രംഗങ്ങൾക്ക് രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി തൃഷ.
അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിലാണ് കമൽഹാസനുമായുള്ള പ്രണയ രംഗത്തിന് നേരെ വന്ന വിമർശനങ്ങൾക്കും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങൾക്കും തൃഷ മറുപടി നൽകിയത്. വിമർശനങ്ങൾ നേരിടാൻ താൻ തയാറാണെന്നും എന്നാൽ കമൽഹാസനുമായുള്ളത് മാന്ത്രികജോഡി ആകുമെന്ന് വിശ്വസിക്കുന്നുവെന്നും തൃഷ പ്രതികരിച്ചു.
'സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നു, ഞാൻ ആ സമയത്ത് ഈ സിനിമയില്‍ ഒപ്പിട്ടട്ട് പോലും ഇല്ല. വൗ, ഇത് മാജിക് ആണെന്നാണ് കേട്ടപ്പോള്‍ ഞാന്‍ തോന്നിയത്. ആ സമയത്ത് ഞാൻ സിനിമയുടെ ഭാഗമായിരുന്നില്ല' - തൃഷ പറഞ്ഞു.
വരാനിരിക്കുന്നത് ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും എന്നതാണ് ട്രെയിലർ നൽകുന്ന സൂചന. കമൽഹാസന്‍റെ വിവിധ ഗെറ്റപ്പുകൾ ട്രെയിലറിൽ കാണാം. ചിത്രത്തിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്.
രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജോജു ജോർജ്, നാസർ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

