'തുടരും' എന്‍റെ സിനിമയുടെ കോപ്പിയടി; ആരോപണവുമായി സനൽ കുമാർ ശശിധരൻ
text_fieldsവലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും. ചിത്രത്തിന് തിയറ്ററിലും ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, തുടരും സിനിമക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. 'തുടരും' സിനിമ ഞാൻ കണ്ടുവെന്നും. അത് എന്റെ ചിത്രത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് സനൽ കുമാർ ആരോപിക്കുന്നത്.
തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയിൽ നിന്ന് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ സാരാംശം എന്താണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് അവർക്കില്ലാതായി പോയി. തന്റെ ചിത്രത്തിലെ നായകൻ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണെന്നും പൊലീസ് കൊലപാതക കുറ്റത്തിന് കുടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടരും എന്ന ചിത്രത്തിൽ മോഹൻലാൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. കൊന്നാൽ പാപം തിന്നാൽ തീരും എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. തീയാട്ടം എന്ന സിനിമയുടെ തിരക്കഥ ഫേസ്ബുക്കിൽ പങ്കുവെക്കുമെന്നും അതുവഴി ആളുകൾക്ക് സമാനതകൾ കണ്ടെത്താൻ കഴിയുമെന്നും സംവിധായകൻ പറഞ്ഞു.
മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ തുടരും ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് നടത്തുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന കെ. ആർ. സുനിൽ ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, ശോഭന, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, അമൃത വർഷിണി മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

