Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതമിഴിന്‍റെ 'കോവൈ രാജ';...

തമിഴിന്‍റെ 'കോവൈ രാജ'; ഭാഗ്യരാജ് കടന്നുവന്ന നാൾവഴികളിലൂടെ...

text_fields
bookmark_border
തമിഴിന്‍റെ കോവൈ രാജ; ഭാഗ്യരാജ് കടന്നുവന്ന നാൾവഴികളിലൂടെ...
cancel

തമിഴ് സിനിമലോകത്ത് ചുരുങ്ങിയ കാലംകൊണ്ട്തന്നെ തന്‍റേതായ ഇടം ഉണ്ടാക്കിയെടുത്ത കലാകാരനാണ് കെ. ഭാഗ്യരാജ്. നർമബോധംകൊണ്ടും നിർബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയിൽ തിളങ്ങിയ താരം. പിന്നീട് എം.ജി.ആറിന്റെ അനുഗ്രഹവും താരപരിവേഷവും ഉപയോഗപ്പെടുത്തി അദ്ദേഹം തമിഴ് രാഷ്ട്രീയത്തിലും ഭാഗ്യപരീക്ഷണം നടത്തി. എന്നാൽ, സിനിമയിൽനിന്ന് ലഭിച്ച വലിയ തിളക്കം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽനിന്ന് ലഭിച്ചില്ലെന്ന് പറയാം.

1980കളിൽ, തൊട്ടുമുമ്പുള്ള ദശകങ്ങളിലെ മെലോഡ്രമാറ്റിക് ജീവിതാവിഷ്കാരത്തെ പുറന്തള്ളി തമിഴ് സിനിമ പ്രമേയ സ്വീകരണത്തിലും ദൃശ്യപരിചരണത്തിലും ആഖ്യാന ശൈലിയിലും വലിയ കുതിച്ചുചാട്ടം നടത്തിയപ്പോൾ അതിനു നേതൃനിരയിൽ നിന്നവരാണ് ഭാരതിരാജ, ബാലുമഹേന്ദ്ര, മണിരത്നം എന്നീ ചലച്ചിത്രകാരന്മാർ. ഇവരുടെ സമകാലികനായി നിന്നുകൊണ്ട് സാധാരണ മനുഷ്യരുടെ ജീവിത സങ്കീർണതകൾ നർമസന്ദർഭങ്ങളുടെ മേമ്പൊടിയോടെ തമിഴ് വാണിജ്യ സിനിമകൾക്ക് അനുരൂപമാക്കി അവതരിപ്പിക്കുന്നതിലായിരുന്നു കെ. ഭാഗ്യരാജ് എന്ന സംവിധായകന്റെ ശ്രദ്ധ. രചനയിലും അഭിനയത്തിലും സംഗീത സംവിധാനത്തിലും അടക്കം സിനിമയുടെ സമഗ്രമേഖലയിലുമുള്ള വല്ലഭത്വം ഭാഗ്യരാജിനെ തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനും സംവിധായകനുമായി മാറ്റി.

പരമ്പരാഗത സിനിമയിലെ പൗരുഷ സങ്കൽപങ്ങളോട് ഇടഞ്ഞ്, കായബലത്തിലുപരി നർമബോധംകൊണ്ടും നിർബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നായകനായാണ് തമിഴ് സിനിമയിൽ ഭാഗ്യരാജ് ഇടം ഉറപ്പിക്കുന്നത്. ദുർബലരായ, അബദ്ധങ്ങളിൽ ചെന്നുവീഴുന്ന നായക കഥാപാത്രങ്ങളെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. പാകമെന്നു തോന്നാത്ത കണ്ണടയും കള്ളലക്ഷണവുമുള്ള (തിരുട്ടുമുഴി എന്ന് തമിഴ്), വ്യവസ്ഥാപിത നായകസൗന്ദര്യ സങ്കൽപങ്ങൾക്ക് കടകവിരുദ്ധമായ രൂപഭാവങ്ങൾകൊണ്ട് അന്നുവരെയുള്ള തമിഴ്സിനിമയുടെ വ്യാകരണങ്ങളെ ഭാഗ്യരാജ് വിജയകരമായി അതിലംഘിച്ചു.

കൊങ്ങുനാട്ടിലെ (പടിഞ്ഞാറൻ തമിഴ്നാട്), ഈറോഡിൽ വെള്ളൻകോവിലിലെ വെള്ളാളർ കൗണ്ടർ വിഭാഗത്തിൽപെട്ട കർഷക കുടുംബത്തിൽ ജനിച്ച ഭാഗ്യരാജിന്റെ സിനിമകൾ പലതും സമാനമായ ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയാണ്. കോയമ്പത്തൂർ സിദ്ധപുത്തൂരിലുള്ള മണി ഹൈസ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ഷണ്മുഖ മണി മാസ്റ്ററായിരുന്നു കലാരംഗത്തേക്കുള്ള പ്രചോദനം. അതിന്റെ നന്ദിസൂചകമായെന്നോണം ഭാഗ്യരാജിന്റെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്രമായി കടന്നു വരുന്നുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് പിതാവ് മരണമടഞ്ഞതോടെ ഉപജീവനാർഥം ഭാഗ്യരാജ് ചെന്നൈയിലേക്ക് പുറപ്പെട്ടു.

എം.ജി.ആറിന്റെയും രാജേഷ് ഖന്നയുടെയും ആരാധകനായിരുന്ന ഭാഗ്യരാജ് സിനിമയിലേക്കുള്ള വാതിലുകളിൽ മുട്ടാനുള്ള ശ്രമത്തിലായി, പിന്നെ. സിനിമയിലേക്കുള്ള ഭാഗ്യാന്വേഷണങ്ങളെല്ലാം തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ഒരുഘട്ടത്തിൽ ദൈനംദിന ചെലവുകൾക്കായി റിക്ഷവലിക്കൽപോലുള്ള ജോലികളിൽ ഏർപ്പെട്ടു. എങ്കിലും സിനിമാവസരങ്ങൾക്കായുള്ള ശ്രമങ്ങൾ തുടർന്നുപോന്നു. നല്ല വായനക്കാരനായിരുന്ന ഭാഗ്യരാജ് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുത്തിലും പരീക്ഷണങ്ങൾ തുടർന്നു. അക്കാദമിക പരിചയത്തിന്റെ അഭാവത്തിലും മികച്ച തിരക്കഥാകൃത്തായി മാറാൻ അദ്ദേഹത്തെ സഹായിച്ചത് ഈ പശ്ചാത്തലമാണ്.

സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്‍റ് ആയാണ് ഭാഗ്യരാജ് സിനിമയിലെത്തുന്നത്. ഇക്കാലത്ത് കോവൈ രാജ എന്ന പേരിലാണ് ഭാഗ്യരാജ് പരിചയക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1977ൽ ‘പതിനാറുവയതിനിലെ’ എന്ന ചിത്രത്തിൽ മുഖം കാണിക്കാനും അവസരം ലഭിച്ചു. 1979ൽ ബി.വി. ബാലഗുരു സംവിധാനം ചെയ്ത ‘കന്നി പരുവത്തിൽ’ ആണ് ഭാഗ്യരാജിന്റെ ചലച്ചിത്രം രൂപം പ്രാപിച്ച ആദ്യ തിരക്കഥ. ഭാഗ്യരാജിന്റെ കഴിവുകളിൽ മതിപ്പുതോന്നിയ സംവിധായകർ ജി. രാമകൃഷ്ണനും അദ്ദേഹത്തിന് സംഭാഷണങ്ങൾ എഴുതാൻ അവസരങ്ങൾ നൽകി. ഭാരതിരാജ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ‘സിഗപ്പു റോജാക്കളു’ടെ സംഭാഷണം തയാറാക്കിയത് സഹസംവിധായകനായിരുന്ന ഭാഗ്യരാജായിരുന്നു.

‘കിഴക്കേ പോകും റയിൽ’, ‘ടിക് ടിക് ടിക്’, ‘ഒരു കൈതിയിൻ ഡയറി’പോലുള്ള ചിത്രങ്ങളുടെ രചനകളിൽ ഏറിയും കുറഞ്ഞും പങ്കാളിയായി. 1979ൽ ഭാരതിരാജയുടെ ‘പുതിയ വാർപ്പുക’ളിൽ തിരക്കഥയും സംഭാഷണവും നിർവഹിച്ചതോടൊപ്പം ആദ്യമായി നായകവേഷമിടുകയും ചെയ്തു. ‘സുവരില്ലാത്ത ചിത്രങ്കളി’ലൂടെ ആദ്യമായി സംവിധായക കുപ്പായവുമണിഞ്ഞു. തുടർന്ന് ‘മുന്താണൈമുടിച്ച്’, ‘അന്ത 7 നാട്കൾ’, ‘എങ്ക ചിന്ന റോസാ’, ‘മൗനഗീതങ്കൾ’, ‘സുന്ദരകാണ്ഡം’, ‘ചിന്നവീട്’ തുടങ്ങി 25ലധികം പ്രേക്ഷകപ്രീതിയാർജിച്ച സിനിമകളാണ് കാമറക്ക് മുന്നിലും പിന്നിലുംനിന്ന് ഭാഗ്യരാജ് എന്ന സംവിധായക പ്രതിഭ സൃഷ്ടിച്ചെടുത്തത്. സ്വയം സംവിധാനം ചെയ്തവയും ഭാരതിരാജ, എസ്.പി. മുത്തുരാമൻ തുടങ്ങിയ സംവിധായകരുടേതുമടക്കം 75ഓളം ചിത്രങ്ങളിൽ നായകവേഷമണിഞ്ഞു. ‘ഞങ്ങളിലൊരുവൻ’ എന്ന ഇമേജോടെ ഭാഗ്യരാജിന് പ്രേക്ഷകരുടെ ഇഷ്ടതാരമാവാനും സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnadukollywoodCelebritieslife`Actor BhagyarajLife Men
News Summary - Through the journey of Bhagyaraj
Next Story