കപടലോകത്തെ ആത്മാർഥ മുഖം
text_fields‘‘കിട്ടുന്ന വേദികളിലൊക്കെയും പ്രഥമ ചിത്രത്തെയും അതിന്റെ സംവിധായകനെയും എടുത്തുപറയാതെ പോയിട്ടില്ല
സലിം കുമാർ’’
കപടലോകത്തെ ആത്മാർഥമുഖം. അതായിരുന്നു, അന്തരിച്ച നടൻ സലിം കുമാർ. സിനിമാലോകത്തേക്ക് പ്രവേശിക്കുന്ന കാലത്ത് എന്റെ പിതാവ് മൊയ്തു പടിയത്ത് എനിക്കു നൽകിയ ഉപദേശങ്ങളിൽ ഒന്നായിരുന്നു, നന്ദി എന്നത് സിനിമയിൽനിന്നു പ്രതീക്ഷിക്കരുത് എന്ന്. വന്നവഴിയും കൈപിടിച്ചുയർത്തിയവരെയും അവിടാരും ഓർമിക്കാറില്ലെന്നു സാരം. അത് അദ്ദേഹത്തിന്റെ സ്വാനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായമായിരുന്നു. സമാനമായ അനുഭവങ്ങൾ എനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. ഉപ്പയുടെ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ അതൊന്നും അലോസരപ്പെടുത്തുകയോ നിരാശനാക്കുകയോ ചെയ്തില്ല. എന്നാൽ, എല്ലാവരും ഒരേ നുകത്തിൽ കെട്ടപ്പെടേണ്ടവരല്ല എന്ന് ബോധ്യപ്പെടുത്തിയത് സലിം കുമാറായിരുന്നു.
1996ൽ ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രമാണ് സലിം കുമാറിന് ചലച്ചിത്രരംഗത്തേക്കുള്ള വാതിൽ തുറന്നത്. മലയാളത്തിലെ പ്രമുഖ ഹാസ്യതാരത്തിനു പകരക്കാരനായാണ് സലിം ആ വേഷം ചെയ്തത്. രണ്ടോ മൂന്നോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട കൊച്ചു വേഷം. സിനിമാരംഗത്ത് നിലനിൽക്കുന്ന പൊതു പ്രവണതയനുസരിച്ച് അത് എവിടെയും പരാമർശിക്കാതെ പോകാമായിരുന്നു. വിശിഷ്യ, ഞാൻ സജീവമായി രംഗത്തില്ലാതെയും, സലിം സംസ്ഥാന -ദേശീയ പുരസ്കാരങ്ങൾ നേടി മഹാനായ കലാകാരനായും മാറിയ ചുറ്റുപാടിൽ. എന്നാൽ, കിട്ടുന്ന വേദികളിലൊക്കെയും പ്രഥമ ചിത്രത്തെയും അതിന്റെ സംവിധായകനെയും സലിം യാതൊരു മടിയും കൂടാതെ സസന്തോഷം എടുത്തുപറയാതെ പോയിട്ടില്ല. അവതാരകർ അതേപ്പറ്റി പ്രത്യേകം ചോദ്യങ്ങൾ ഉന്നയിക്കാതിരുന്ന അവസരങ്ങളിൽപോലും.
അതുമാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ആത്മാർഥതയുടെ മാനദണ്ഡം. സലിം ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രമാണ് ലാൽ ജോസ് സംവിധായകനായ അച്ഛനുറങ്ങാത്ത വീട്. ആ വേഷം ലഭിച്ച സന്തോഷം ആദ്യമായി പങ്കുവെച്ചത് എന്നോടാണ്. അതുപോലെ ദേശീയ പുരസ്കാരത്തിനർഹമായ, സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകൻ’ അബുവിലെ വേഷം കൈവന്നപ്പോഴും.
കോവിഡ് കാലത്ത്, പൊതുസമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തിൽ, മൊബൈൽ ഫോണിൽ ഒരു ലഘുചിത്രം ഒരുക്കി സമൂഹ മാധ്യമത്തിലൂടെ പ്രദർശിപ്പിക്കാൻ ആലോചിച്ച വേളയും ഇപ്പോൾ ഓർക്കാതെ വയ്യ. ചലച്ചിത്ര താരങ്ങളെ ഉൾപ്പെടുത്തിയാൽ പെട്ടെന്നത് ജനശ്രദ്ധ നേടുമെന്ന ആശയത്തിൽ, ഒരു കൊച്ചു വേഷം ചെയ്യാമോ എന്ന ആവശ്യത്തെ ഹൃദയപൂർവം ഉൾക്കൊള്ളുകയും, ഓർമപ്പെടുത്തലുകളില്ലാതെ, ഏറെ തിരക്കുകൾക്കിടയിലും ആത്മാർഥമായി അതു നിർവഹിച്ചു തരാൻ സമയം കണ്ടെത്തുകയും ചെയ്തു അദ്ദേഹം, ഒരു ഗുരുദക്ഷിണപോലെ !
ഒന്നരവർഷം മുമ്പ് അസുഖബാധിതനായ അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചിരുന്നു.
ആ അവസ്ഥയിൽ കാണാനും സംസാരിക്കാനും പ്രയാസമുണ്ടെന്നും പിന്നീടൊരിക്കൽ പോരേ എന്നും ഭാര്യ മുഖേന അറിയിച്ചതനുസരിച്ചു ദുഃഖത്തോടെ മടങ്ങുകയായിരുന്നു. പിന്നീട് കാണാൻ അവസരം കിട്ടിയില്ല. വീണ്ടും ഒരിക്കൽക്കൂടി നല്ലൊരു ചിത്രത്തിൽ ഒന്നിക്കണമെന്ന അഭിലാഷം ബാക്കിവെച്ചാണ്, പ്രിയ സുഹൃത്ത് യാത്രയായത്. കണ്ണീർ പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

