'പെദ്ദി നൽകിയ അപമാനവും കുറ്റബോധവും ജീവിതകാലം മുഴുവൻ വേട്ടയാടും'; അത്തരമൊരു കഥാപാത്രം ഇനി ചെയ്യില്ലെന്ന് ജാൻവി കപൂർ
text_fieldsകരൺ ജോഹറിന്റെ ജനപ്രിയ ഷോയായ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ജാൻവി കപൂർ തന്റെ മുൻചിത്രമായ 'പെദ്ദി'യുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മനസ്സുതുറന്നത്. തെലുങ്ക് ചിത്രമായ 'പെദ്ദി'യിൽ റാം ചരണിന്റെ നായികയായി അഭിനയിച്ച ജാൻവിയുടെ കഥാപാത്രത്തിന്റെ ദൃശ്യങ്ങളും വസ്ത്രധാരണവും സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. കഥാപാത്രത്തെ അങ്ങേയറ്റത്തെ ലൈംഗികവത്കരണത്തോടെയാണ് അവതരിപ്പിച്ചതെന്നും ഇത് ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണെന്നും ഉള്ള കടുത്ത വിമർശനങ്ങളാണ് അന്ന് ഉയർന്നത്.
പരിപാടിക്കിടെ കഴിഞ്ഞ കാലങ്ങളിലെ ഓൺലൈൻ വിമർശനങ്ങളും ട്രോളുകളും എങ്ങനെ നേരിട്ടുവെന്ന് കരൺ ജോഹർ ചോദിച്ചപ്പോൾ താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ജാൻവി തുറന്നുപറഞ്ഞു. താൻ വളരെ ബോധപൂർവമല്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും സമൂഹത്തിൽ അത് ചെലുത്തിയ ദോഷകരമായ സ്വാധീനത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് താരം വ്യക്തമാക്കി. തനിക്കുള്ള സ്വാധീനവും പദവിയും ഉപയോഗിച്ച് കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും അത്തരം സന്ദർഭങ്ങളിൽ സംവിധായകന്റെ നിർദ്ദേശങ്ങൾക്ക് അപ്പുറം കൂടുതൽ ശക്തമായി പ്രതികരിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതിരുകടന്ന ഒബ്ജക്ടിഫിക്കേഷൻ തന്നെയായിരുന്നു അതെന്നും, ഈ വിഷയത്തിൽ താൻ എന്നേക്കും കുറ്റബോധം പേറുമെന്നും ജാൻവി കൂട്ടിച്ചേർത്തു.
എങ്കിലും ഈ സംഭവവികാസങ്ങളിൽ നിന്നും താൻ വലിയൊരു പാഠം പഠിച്ചതായും താരം പറഞ്ഞു. ഭാവിയിൽ ഇത്തരം കഥാപാത്രങ്ങളെയോ രംഗങ്ങളെയോ അവതരിപ്പിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവാകാനും ഒരുപക്ഷേ മറ്റൊരു നടിക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ അതിനെതിരെ സംസാരിക്കാൻ ഈ അനുഭവം ഒരു മാതൃകയാകുമെന്നും ജാൻവി പറഞ്ഞു. വിവാദങ്ങൾ ഉയർന്നതിനെത്തുടർന്ന് സംവിധായകൻ ബുച്ചി ബാബു സാന മാപ്പ് പറയുകയും ദൃശ്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

