പരാതി കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവരടങ്ങിയ സമിതി വേണമെന്ന അൻസിബയുടെ ആവശ്യം നടക്കില്ലെന്ന് 'അമ്മ' സെക്രട്ടറി
text_fieldsഅൻസിബ ഹസൻ
കൊച്ചി: താര സംഘടനയായ 'അമ്മ'യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസൻ ഉന്നയിച്ച ആവശ്യം സംഘടന തള്ളിയതായി ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അറിയിച്ചു. തന്റെ പരാതി കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ ഓരോരുത്തർ ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കുകയല്ല സംഘടനയുടെ രീതിയെന്ന് കുക്കു പരമേശ്വരൻ വ്യക്തമാക്കി.
അതേസമയം അൻസിബ ഉന്നയിച്ച പരാതികളിൽ ചർച്ച നടത്തുന്നതിനായി നേതൃത്വം അവരെ ജൂൺ ആദ്യവാരം നേരിട്ട് കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംഘടനയുടെ നേതൃത്വത്തിന് മുന്നിൽ ഹാജരാകാൻ ഇല്ലെന്ന നിലപാടിലാണ് അൻസിബ. ഇതിനു പുറമെ പൊലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി തടവിൽ വെച്ചതായും തനിക്കെതിരെ വന്ന വ്യാജ പരാതിക്കു പിന്നിൽ ഗൂഢാലോചന നടന്നതായും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അൻസിബ പരാതി നൽകിയിരുന്നു. തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മക്കും ലക്ഷ്മിപ്രിയക്കുമെതിരെയാണ് അൻസിബ പരാതി നൽകിയത്. ഡി.ജി.പിക്കും അൻസിബ പരാതി നൽകിയിട്ടുണ്ട്.
താരസംഘടനയായ അമ്മയിലെ ജോയിന്‍റ് സെക്രട്ടറിയായ അൻസിബ സംഘടനയ്ക്കുള്ളിൽ നിന്ന് നേരിട്ട അധിക്ഷേപങ്ങൾ കാരണം രാജിവെച്ചിരുന്നു. തുടർന്ന് ടിനി ടോമിനെതിരെയും ലക്ഷ്മിപ്രിയക്കെതിരെയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരം നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. അൻസിബയുടെ പരാതിക്കു പിന്നാലെ മറ്റു പല താരങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് അമ്മ സംഘടന നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

