രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണം; ബഹുമതിയായി കരുതുന്നെന്ന് തരുൺ മൂർത്തി
text_fieldsതരുൺ മൂർത്തി
സംവിധായകൻ തരുൺ മൂർത്തിക്ക് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണം. സ്വാതന്ത്ര്യദിനത്തിൽ രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്‌ഷൻ' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് രാഷ്‌ട്രപതി തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് തരുൺ മൂർത്തിക്ക് നേരിട്ട് ക്ഷണക്കത്ത് അയച്ചത്.
വിവരം തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സ്വാതന്ത്ര്യദിനത്തിൽ രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് ബഹുമതിയായി കാണുന്നു എന്ന കുറിപ്പോടെയാണ് ക്ഷണക്കത്തിന്‍റെ ഫോട്ടോയും വിഡിയോയും തരുൺ പങ്കുവെച്ചത്. ബിനു പപ്പു ഉൾപ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയത്. 'ബെൻസല്ല, തരുൺ നിങ്ങളാണ് ശരിക്കും ഹിറോ', 'അർഹതക്കുള്ള അംഗീകാരം' എന്നിങ്ങനെയുള്ള കമന്‍റുകളുമായി ആരാധകർ സന്തോഷം പങ്കുവെക്കുന്നു.
അതേസമയം, മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തിയ തരൺ മൂർത്തി ചിത്രം 'തുടരും' മികച്ച വിജയമാണ് നേടിയത്. കെ. ആർ. സുനിൽ രചിച്ച ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമിച്ചിരിക്കുന്നത്. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മോഹൻലാലിന്‍റെ കരിയറിലെ 360ാമത്തെ സിനിമയാണിത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. 'തുടരും' മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

