കഴുത്ത് ട്വിസ്റ്റ് ചെയ്തുള്ള മസാജിനിടെ ക്ഷതമേറ്റ് ഗായിക മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
text_fieldsബാങ്കോക്ക്: ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് തായ് ഗായിക മരണപ്പെട്ടു. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കത്തെയും തുടർന്ന് ചികിത്സയിലായിരുന്ന ഗായിക ചയാദ പ്രാവോ-ഹോം ആണ് മരിച്ചത്.
ആരോഗ്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചയാദ വിവരങ്ങൾ പങ്കുവെച്ചിരുന്നു. തോളിലെ വേദനയെ കുറിച്ചും അത് കുറയ്ക്കുന്നതിനായി മസാജ് പാർലറിൽ പോകുന്നതിനെക്കുറിച്ചും പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബറിലാണ് ആദ്യ സെഷനായി മസാജ് പാർലറിൽ പോയത്. അന്ന് കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള ‘നെക്ക് ട്വിസ്റ്റിങ്’ മസാജ് ചെയ്തിരുന്നു. പാർലറിൽനിന്ന് മടങ്ങിയെത്തിയ ശേഷം ചയാദയ്ക്ക് പല ആരോഗ്യ പ്രശ്നങ്ങളും സംഭവിച്ചു. ഇതിനിടയിൽ രണ്ടാം സെഷനും മസാജ് പാർലറിൽ പോയി. തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. തായ് മസാജ് പഠിച്ചിരുന്ന ചയാദയ്ക്ക് മസാജുകളിൽനിന്ന് സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ല. മസാജിന് ശേഷമുള്ള സാധാരണ പ്രശ്നങ്ങൾ മാത്രമാണ് തനിക്ക് ഉള്ളതെന്നാണ് ചയാദ ധരിച്ചിരുന്നത്.
നവംബർ ആറിന് അവസാന സെഷനും പങ്കെടുത്ത ശേഷം ചയാദയുടെ ശരീരത്തിൽ വീക്കവും കണ്ടെത്തി. തുടർന്ന് വലതു കൈ മരവിക്കുകയും ചെയ്തു. നവംബർ പകുതിയോടെ ചയാദയുടെ ശരീരം 50 ശതമാനത്തിലധികം തളർന്നു. തുടർന്ന് ചലന ശേഷി പൂർണമായും നഷ്ടപ്പെടുകയായിരുന്നു.
ചയാദയുടെ മരണത്തെ തുടർന്ന് ഉഡോൺ താനി പ്രവിശ്യ പബ്ലിക് ഹെൽത്ത് ഓഫിസ് അധികൃതർ മസാജ് പാർലറിൽ പരിശോധന നടത്തി. പാർലറിലെ ഏഴ് മസാജ്മാരിൽ രണ്ട് പേർക്ക് മാത്രമാണ് ലൈസൻസുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ഇത്തരം അപകടകരമായ മസാജുകൾ നടത്താൻ ലൈസൻസുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നാണ് പാർലർ മാനേജറുടെ അവകാശവാദം. സംഭവത്തിൽ ചയാദയുടെ കുടുംബത്തോട് മാനേജർ മാപ്പുപറഞ്ഞു.
കഴുത്തിലെ മസാജ് തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികൾക്ക് തകരാറുണ്ടാക്കുമെന്നും സ്ട്രോക്കിന് കാരണമാകുമെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

