'പ്ലേറ്റുകൾ എറിഞ്ഞ് ഉടച്ചു, ജീവനക്കാരെ അപമാനിച്ചു, പൊലീസ് എത്തിയിട്ടും അടങ്ങിയില്ല'; നടി കല്‍പിക ഗണേഷിനെതിരെ കേസ്
text_fieldsഹൈദരാബാദ്: പബ്ബില്‍ പ്രശ്നമുണ്ടാക്കിയതിന് തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ കേസ്. ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പബ്ബിലെ തൊഴിലാളികളോട് മോശമായി പെരുമാറിയതിനും ബഹളമുണ്ടാക്കയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. മേയ് 29നാണ് സംഭവം. പിറന്നാൾ കേക്ക് പുറത്തു നിന്ന് കൊണ്ടുവരാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നടി ബഹളം വെച്ചത്.
പബ് മാനേജ്‌മെന്റിന്റെ പരാതിയിൽ, നടി പ്ലേറ്റുകൾ എറിഞ്ഞ് ഉടച്ചതായും ഹോട്ടൽ വസ്തുവകകൾ നശിപ്പിച്ചതായും ജീവനക്കാരെ അപമാനിച്ചതായും പറയുന്നു. പൊലീസിന്‍റെ സാന്നിധ്യത്തിൽ പോലും അവർ ബഹളം വെച്ചുവെന്നും പബ് അധികൃതർ അവകാശപ്പെട്ടു. ഹോട്ടൽ ജീവനക്കാരുമായി കൽപിക വാഗ്വാദം നടത്തുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 324(4), 352, 351(2) എന്നിവ പ്രകാരം കോടതി അനുമതിയോടെയാണ് പൊലീസ് കൽപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
2009ൽ 'പ്രയാണം' എന്ന ചിത്രത്തിലൂടെയാണ് കൽപിക ഗണേഷ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ഓറഞ്ച്', 'ജുലായി', 'സീതമ്മ വക്കിത്‌ലോ ശ്രീരിമല്ലെ ചീതു, 'പാടി പടി ലെച്ചെ മനസു', 'ഹിറ്റ്: ദി ഫസ്റ്റ് കേസ്', 'യശോദ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2023ൽ പുറത്തിറങ്ങിയ 'അഥർവ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

