‘ഗവർണറുടെ ഭരണമല്ല ആവശ്യം, ടി.വി.കെ സർക്കാറിന്റെ ഭരണമാണ് ഞങ്ങൾക്ക് വേണ്ടത്’; വിജയ്ക്ക് പിന്തുണയുമായി നടൻ വിശാൽ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നിട്ടും ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിനെ വിമർശിച്ച് നടൻ വിശാൽ. തമിഴ്നാട്ടിലെ വോട്ടർമാരുടെ വിധിയെ മാനിക്കണമെന്നും പുതിയ സർക്കാർ രൂപവത്കരിക്കാൻ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയിയെ അനുവദിക്കമെന്നും വിശാൽ ആവശ്യപ്പെട്ടു. ടി.വി.കെക്ക് സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ പിന്തുണയില്ലെന്നും ഭൂരിപക്ഷം തെളിയിച്ചാൽ സർക്കാർ രൂപവത്കരിക്കാമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചതോടെയാണ് പ്രതിഷേധം.
ഗോവ, മണിപ്പൂർ, മേഘാലയ, കർണാടക എന്നിവിടങ്ങളിൽ നടന്നതുപോലെ സർക്കാർ രൂപവത്കരിക്കാൻ അവസരം നൽകണമെന്നും നിയമസഭയിൽ വിശ്വാസപരിശോധനയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയും വേണമെന്ന് നടൻ പറഞ്ഞു. കൂടാതെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടത് ഗവർണറുടെ ഭരണമല്ലെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ഭരണമാണ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2017-18 ൽ ഗോവ, മണിപ്പൂർ, മേഘാലയ, ഏറ്റവും പ്രധാനമായി കർണാടക എന്നിവിടങ്ങളിൽ സംഭവിച്ച അതേ സാഹചര്യം. അവിടെ സർക്കാർ രൂപീകരിക്കുകയും പിന്നീട് നിയമസഭയിലെ ‘വിശ്വാസ പരിശോധനയിൽ’ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട് ഗവർണർ ദളപതി വിജയിക്ക് അതേ രീതിയിൽ സർക്കാർ രൂപീകരിക്കാൻ അവസരം നൽകാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?. ഇതാണോ ജനങ്ങളുടെ വിധിയോടുള്ള ബഹുമാനം? സത്യപ്രതിജ്ഞ ചെയ്യാൻ ഞങ്ങൾക്ക് 233 എം.എൽ.എമാരുണ്ട്. ഭൂരിപക്ഷ സീറ്റുകളും നേടിയ ടി.വി.കെയുടെ ഇത്രയും വലിയ ജനവിധിക്ക് ശേഷം ഞങ്ങൾക്ക് ഒരു സർക്കാർ വേണം. ഗവർണറുടെ ഭരണമല്ല ആവശ്യം. ഈ മൗലികാവകാശങ്ങൾ രാഷ്ട്രീയക്കാർക്ക് മാത്രമല്ല, ഏറ്റവും ശക്തർക്കും അറിയാം. തമിഴ്‌നാട്ടിലെ ജനങ്ങൾ. പ്രിയപ്പെട്ട വിജയ്. നിങ്ങൾ സർക്കാർ രൂപീകരിക്കണം/ചെയ്യും. ഒരു വോട്ടർ എന്ന നിലയിൽ ഞാൻ അത് പ്രകടിപ്പിക്കുന്നു.’ -വിശാൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഡി.എം.കെ സഖ്യംവിട്ട് കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ആറ് സീറ്റുകൾ കൂടി വേണം. അതിനാൽ, 118 അംഗങ്ങളുടെ പിന്തുണയുമായി വരാൻ ഗവർണർ നിർദേശിക്കുകയായിരുന്നു. പിന്തുണക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടി.വി.കെ നേതാക്കളോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

