ഉയിരേ ഉറവേ തമിഴേ... 'കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചത്'; കമൽഹാസന്‍റെ പ്രസ്താവന വിവാദത്തിലേക്ക്
text_fieldsതഗ് ലൈഫിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നടൻ കമൽഹാസൻ നടത്തിയ പ്രസ്താവന വിവാദത്തിലേക്ക്. 'കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചത്'എന്ന ഉലനായകന്റെ വാക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ് എന്നർഥം വരുന്ന ‘ഉയിരേ ഉറവേ തമിഴേ’ എന്ന വാചകത്തോടെയാണ് പരിപാടിയിൽ കമൽഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്.
കന്നഡ നടൻ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന തന്റെ കുടുംബമാണ് അദ്ദേഹമെന്നും, കന്നഡയും തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നും നടൻ കമൽ ഹാസൻ പറഞ്ഞു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനെതിരെ കർണാടകയിൽ വ്യാപക വിമർശനം ഉയർന്നു. നടന്റെ പെരുമാറ്റം സംസ്കാരശൂന്യമാണെന്നും കന്നഡ ഭാഷയെയും കന്നഡ ജനതയെയും അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്നും കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു.
സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിൽ നടൻ കന്നഡ ഭാഷയോട് അനാദരവ് പ്രകടിപ്പിച്ചു. എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സംസ്കാരം കലാകാരന്മാർക്ക് ഉണ്ടായിരിക്കണം. കന്നഡ ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടൻ കമൽഹാസൻ കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെ ലക്ഷണമാണെന്നും വിജയേന്ദ്ര എക്സിൽ കുറിച്ചു. ഇപ്പോൾ 6.5 കോടി കന്നഡിഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി കന്നഡയെ അപമാനിച്ചിരിക്കുന്നു. കമൽഹാസൻ ഉടൻ തന്നെ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണം. ഏതു ഭാഷ ഏതു ഭാഷക്കാണ് ജന്മം നൽകിയതെന്ന് നിർവചിക്കാൻ കമൽഹാസൻ ചരിത്രകാരനല്ലെന്നും വിജയേന്ദ്ര യെഡിയൂരപ്പ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

