തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ ദേശീയ പുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ
text_fields2014ൽ പുറത്തിറങ്ങിയ ‘കാക്ക മുട്ടൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകൻ മണികണ്ഠൻ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് വേറെ കാരണത്താലാണ്. രണ്ടു ദിവസം മുമ്പ്, അദ്ദേഹത്തിന്റെ ഉസലംപെട്ടിയിലെ വസതിയിൽ വൻ മോഷണം നടന്നു. ഒരു ലക്ഷം രൂപയും അഞ്ചു പവൻ സ്വർണാഭരണങ്ങളും രണ്ടു ദേശീയ അവാർഡ് മെഡലുകളും മോഷണം പോയെന്നാണ് അദ്ദേഹത്തിന്റെ ഡ്രൈവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, മോഷണവസ്തുക്കളിൽ അവാർഡ് മെഡൽ മാത്രം തിരിച്ചുനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ; ഒപ്പം, ഒരു ക്ഷമാപണക്കുറിപ്പും. ദേശീയ പുരസ്കാരത്തിന്റെ മെഡലുകൾ ഒരു പോളിത്തീൻ കവറിലാക്കി രാത്രി വീടിന്റെ ഗേറ്റിനുമുകളിൽവെക്കുകയായിരുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു. ‘ഞങ്ങളോട് ക്ഷമിക്കണം. നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങൾക്കുള്ളതാണ്.’
ഉസലംപട്ടിയാണ് സ്വദേശമെങ്കിലും സിനിമാത്തിരക്കുകൾ കാരണം മണികണ്ഠൻ ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. ഡ്രൈവറും മറ്റൊരു സഹായിയുമാണ് മോഷണം നടന്ന വീട്ടിലുണ്ടായിരുന്നത്. രണ്ടു ദിവസം മുമ്പ്, വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്.
രണ്ടു വർഷം മുമ്പാണ് മണികണ്ഠന്റെ അവസാന ചിത്രം പുറത്തുവന്നത്- ‘കടൈസി വിവാസായി’. ഈ ചിത്രത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. കൃമി, ആണ്ടവൻ കട്ടളൈ തുടങ്ങി ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് മണികണ്ഠൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

