'നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്?'; കരിയറിന്റെ തുടക്കത്തിൽ നേരിട്ട വിവാഹ സമ്മർദത്തെക്കുറിച്ച് തമന്ന ഭാട്ടിയ
text_fieldsമുംബൈ: സിനിമാ ലോകത്ത് തിളങ്ങി നിൽക്കുമ്പോഴും സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കിക്കാണുന്നത് ഇപ്പോഴും വിവാഹമെന്ന കണ്ണടയിലൂടെയാണെന്ന് തുറന്നുപറഞ്ഞ് നടി തമന്ന ഭാട്ടിയ. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു അപരിചിതയിൽ നിന്ന് നേരിടേണ്ടി വന്ന ഉപദേശത്തെക്കുറിച്ചാണ് തമന്ന മനസ്സ് തുറന്നത്.
അച്ഛനോടൊപ്പം ഹോട്ടലിൽ ബിസിനസ്സ് മീറ്റിങ്ങിനായി പോയപ്പോഴാണ് സംഭവം. താൻ അവിടെ എത്തിയത് മറ്റൊരു കാര്യത്തിനാണെന്ന് അറിഞ്ഞിട്ടും ഹോട്ടൽ ഉടമയുടെ ഭാര്യ അടുത്ത് വന്ന് തന്നെ ഉപദേശിക്കുകയായിരുന്നുവെന്ന് തമന്ന പറഞ്ഞു. "നീ ഇത്ര നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, പിന്നെ എന്തിനാണ് ഈ പണിക്കുപോകുന്നത്? നിനക്ക് എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടായിരുന്നോ?" എന്നായിരുന്നു അവരുടെ ചോദ്യം. പെട്ടെന്ന് ഇത്തരമൊരു അഭിപ്രായം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തമന്ന പറഞ്ഞു.
"ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് തോന്നിയത്, അവരെപ്പോലെ ആയിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. ലോകത്തെ സ്ത്രീകൾ എന്താണ് നേരിടുന്നതെന്ന് പോലും അറിയാത്ത അത്രയും ലോകവിവരമില്ലാത്തവരാകാൻ എനിക്ക് കഴിയില്ല," തമന്ന കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വിവാഹ കാര്യത്തിൽ ഇത്തരം സമ്മർദങ്ങൾ നേരിടുന്നത് എന്നതിനെക്കുറിച്ച് വിദഗ്ധരും അഭിപ്രായം രേഖപ്പെടുത്തുന്നു. സ്ത്രീകളുടെ മൂല്യം അവരുടെ പ്രായത്തിലും പ്രത്യുൽപ്പാദന ശേഷിയിലും വിവാഹത്തിലുമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് ഇത്തരം അഭിപ്രായങ്ങൾ കണ്ടുവരുന്നതെന്ന് മാനസിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പുരുഷന്മാരുടെ വിജയം അവരുടെ ജോലിയുമായി ബന്ധപ്പെടുമ്പോൾ സ്ത്രീകളുടേത് കുടുംബം നോക്കുന്നതിലാണ് അളക്കപ്പെടുന്നത്. സ്ത്രീകൾ ഒരു നിശ്ചിത പ്രായത്തിനുള്ളിൽ വിവാഹം കഴിക്കണമെന്ന് അപരിചിതർ നടത്തുന്ന പരാമർശങ്ങൾ പോലും സ്ത്രീകളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കരിയറിൽ എത്ര മികച്ച നിലയിലാണെങ്കിലും താൻ എടുക്കുന്ന തീരുമാനങ്ങൾ തെറ്റാണോ എന്ന തോന്നൽ ഇത്തരം ഉപദേശങ്ങൾ ഉണ്ടാക്കിയേക്കാം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ നിങ്ങളുടെ മൂല്യത്തെ നിർണ്ണയിക്കുന്നില്ല എന്ന് തിരിച്ചറിയുകയാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പ്രധാന വഴിയെന്നും ശരിയായ വ്യക്തികളുടെ പിന്തുണ തേടുന്നത് ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

