മേക്കപ്പ് വാനും മികച്ച മുറികളും നടന്മാർക്ക് മാത്രം, നടിമാരെ മണിക്കൂറുകൾക്ക് മുമ്പ് സെറ്റിലെത്തിക്കും: സിനിമാ മേഖലയിലെ ലിംഗവിവേചനത്തെ കുറിച്ച് തപ്സി പന്നു
text_fieldsതപ്സി പന്നു
തന്റെ അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് സിനിമാ സെറ്റുകളിൽ നേരിടേണ്ടിവന്ന കടുത്ത ലിംഗവിവേചനത്തെക്കുറിച്ചും ഒറ്റപ്പെടലുകളെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് നടി തപ്സി പന്നു. ഇന്ത്യൻ സിനിമാരംഗത്തെ സ്ത്രീകളുടെ സ്വാധീനത്തെക്കുറിച്ച് ഡബ്ല്യൂ.എഫ് ഇന്ത്യയും കത്ത പിക്ചേഴ്സും ചേർന്ന് സംഘടിപ്പിച്ച ചർച്ചയിലാണ് തപ്സി തന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ചത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അക്കാലത്തെ അസ്വസ്ഥതകളുമാണ് താരം ഇതിലൂടെ വ്യക്തമാക്കിയത്.
തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ സെറ്റിൽ കാസ്റ്റ് ആൻഡ് ക്രൂവിൽ താൻ മാത്രമായിരുന്നു ഏക സ്ത്രീയെന്ന് താപ്സി ഓർത്തെടുത്തു. ആ സമയത്ത് സ്വന്തമായി മേക്കപ്പ്മാനോ മറ്റ് സ്റ്റാഫുകളോ ഉണ്ടായിരുന്നില്ല. നിർമാതാവ് ഏർപ്പാടാക്കിയ ഒരു സ്പോട്ട് ബോയ് മാത്രമാണ് കൂടെയുണ്ടായിരുന്നത്. സെറ്റിന്റെ ഒരു കോണിൽ ഒരു പ്ലാസ്റ്റിക് കസേരയിലായിരുന്നു തനിക്കിരിക്കാൻ ഇടം ലഭിച്ചിരുന്നത്. തന്നോട് സംസാരിക്കാനോ അടുത്തു വന്നിരിക്കാനോ ആരുമില്ലാത്ത അവസ്ഥയായിരുന്നു അന്ന് അനുഭവപ്പെട്ടതെന്നും, ഒരു നവാഗതയായതുകൊണ്ട് സിനിമാ സെറ്റുകൾ പൊതുവേ ഇങ്ങനെയാണെന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്നും അവർ പറഞ്ഞു.
പുരുഷന്മാർ മാത്രമുള്ള സെറ്റുകളിൽ അഭിനയിക്കുമ്പോൾ ചില അസ്വാഭാവികമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തപ്സി വെളിപ്പെടുത്തി. ട്രോളി ഷോട്ട് ചിത്രീകരിക്കുന്നതിനിടയിൽ കാമറാമാൻമാരും ഫോക്കസ് പുളർമാരും തനിക്ക് വളരെ അടുത്തായി ഇരിക്കുകയും, പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ സിനിമാരംഗത്ത് ഇത്രയധികം ന്യൂനപക്ഷമാണോ എന്ന് അത്തരം നിമിഷങ്ങൾ തന്നെ ചിന്തിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ചലച്ചിത്രമേഖലയിൽ ഇപ്പോഴും നിലനിൽക്കുന്ന ലിംഗപരമായ വിവേചനങ്ങളെക്കുറിച്ചും തപ്സി സംസാരിച്ചു. ഒരേ ലൊക്കേഷനിൽ ഷൂട്ടിങ് ഉള്ള ദിവസങ്ങളിൽ പോലും നടിമാരെ പുരുഷ താരങ്ങളെക്കാൾ മണിക്കൂറുകൾക്ക് മുമ്പ് സെറ്റിലേക്ക് വരുത്താറുണ്ട്. നടി എത്തിക്കഴിഞ്ഞ ശേഷമേ നായകനെ വിളിപ്പിക്കുകയുള്ളൂ. കൂടാതെ താമസിക്കുന്ന ഹോട്ടൽ മുറികളിലും യാത്ര ചെയ്യുന്ന കാറുകളിലും പോലും ലിംഗവ്യത്യാസത്തിന്റെ പേരിൽ പ്രിവിലേജുകൾ ലഭിക്കുന്നതിൽ വലിയ അന്തരമുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
കനിക ധില്ലന്റെ രചനയിലും നിർമാണത്തിലും ദേബാശിഷ് മഖിജ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രം 'ഗാന്ധാരി'യാണ് തപ്സിയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഒരു അമ്മയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ഈ ആക്ഷൻ-ത്രില്ലർ ചിത്രം സെപ്റ്റംബർ 3-ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇഷ്‍വാക് സിങ്, ഛായ കദം, സ്വസ്തിക മുഖർജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയിലെ പുരുഷാധിപത്യ പ്രവണതകളെക്കുറിച്ചുള്ള തപ്സിയുടെ ഈ വെളിപ്പെടുത്തലുകൾ നിലവിൽ സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

