‘ഞങ്ങളുടെ പ്രണയത്തിന് നിമിത്തമായത് ഉമർ ഖാലിദ്’; വെളിപ്പെടുത്തലുമായി സ്വര ഭാസ്കർ
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം സ്വര ഭാസ്കറും രാഷ്ട്രീയ പ്രവർത്തകൻ ഫഹദ് അഹമ്മദും തങ്ങളുടെ പ്രണയകഥയെക്കുറിച്ച് മനസ് തുറന്നപ്പോൾ ചർച്ചയാകുന്നത് മുൻ ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ പേര്. തങ്ങളുടെ പ്രണയത്തിന് നിമിത്തമായത് ഉമർ ഖാലിദ് ആണെന്ന് ഇരുവരും വെളിപ്പെടുത്തി. സ്വകാര്യ ചാനൽ പോഡ്കാസ്റ്റിലാണ് ഇവർ ഇക്കാര്യം പങ്കുവെച്ചത്.
തന്റെ നല്ലൊരു സുഹൃത്തായ ഉമർ ഖാലിദ് ആണ് സ്വരയുടെ നമ്പർ തനിക്ക് തന്ന് വിളിക്കാൻ ആവശ്യപ്പെട്ടതെന്ന് ഫഹദ് അഹമ്മദ് പറഞ്ഞു. "അവനാണ് എനിക്ക് സ്വരയുടെ നമ്പർ അയച്ചുതന്നത്. നീ ഒന്ന് വിളിച്ചു നോക്കൂ എന്ന് അവൻ എന്നോട് പറഞ്ഞു," ഫഹദ് ഓർത്തു. സ്വരയാകട്ടെ ഉമറിനെ തങ്ങളുടെ 'പ്രണയദൂതൻ' എന്നാണ് വിശേഷിപ്പിച്ചത്.
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ സാധാരണയായി താൻ എടുക്കാറില്ലെന്ന് സ്വര ഭാസ്കർ പറയുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (സി.എ.എ) സമരങ്ങളിൽ സജീവമായിരുന്ന ആ കാലത്ത്, സമരവുമായി ബന്ധപ്പെട്ട ആരെങ്കിലും ആയിരിക്കാം എന്ന കരുതലിലാണ് അജ്ഞാത നമ്പരിൽ നിന്നുള്ള കോൾ അന്ന് എടുത്തത്. ആ കോൾ ഫഹദിന്റേതായിരുന്നു.
സമരമുഖത്ത് വെച്ച് തുടങ്ങിയ ആ സൗഹൃദം മൂന്ന് വർഷത്തോളം നീണ്ടുനിന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാകുകയുമായിരുന്നു. 2023-ൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇവർ വിവാഹിതരായത്. മാർച്ചിൽ ഡൽഹിയിൽ വെച്ച് വിപുലമായ വിവാഹ സൽക്കാരവും സംഘടിപ്പിച്ചിരുന്നു.
വ്യത്യസ്ത മതവിശ്വാസത്തിലുള്ളവരായതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന മാധ്യമത്തിന്റെ ചോദ്യത്തിന് "യാതൊരു പ്രശ്നവുമില്ല. നിങ്ങൾ നല്ലൊരു വ്യക്തിയാണെങ്കിൽ, സത്യസന്ധനാണെങ്കിൽ അതാണ് ഏറ്റവും പ്രധാനം. മറ്റെല്ലാ വ്യത്യാസങ്ങളും നിസ്സാരമാണ്," എന്നായിരുന്നു സ്വര ഭാസ്കർ നൽകിയ മറുപടി. ഫഹദിനൊപ്പമുള്ള ജീവിതം തനിക്ക് പൂർണ്ണ സുരക്ഷിതത്വബോധം നൽകുന്നുണ്ടെന്നും അദ്ദേഹം തന്നെ ഒരിക്കലും വഞ്ചിക്കുകയോ വേദനിപ്പിക്കുകയോ ഇല്ലെന്ന് ഉറപ്പുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

