മിണ്ടാതിരുന്നാൽ ഒരു പ്രശ്നവുമുണ്ടാകില്ല; രാഷ്ട്രീയ നിലപാട് കാരണം ബോളിവുഡിൽ കരിമ്പട്ടികയിൽ പെടുത്തി -തുറന്നുപറഞ്ഞ് സ്വര ഭാസ്കർ
text_fieldsസ്വര ഭാസ്കർ
മുഖം നോക്കാതെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതു മൂലം ഒരുപാട് ബോളിവുഡ് സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി നടി സ്വര ഭാസ്കർ. 2022ൽ പുറത്തിറങ്ങിയ ജഹാൻ ചാർ യാർ എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. തന്റെ രാഷ്ട്രീയ നിലപാടുകളാണ് കരിയറിൽ തിരിച്ചടിയായി മാറിയതെന്നും നടി പറയുന്നു. അതുമൂലം ബോളിവുഡിൽ തന്നെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണെന്നും ബി.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.
''രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതാണ് പ്രധാന പ്രശ്നം. എന്റെ രാഷ്ട്രീയ നിലപാട് കാരണം ബോളിവുഡിൽ കരിമ്പട്ടികയിൽ പെടുത്തി. അതൊരിക്കലും നിഷേധിക്കാൻ സാധിക്കില്ല. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാൽ എനിക്കതിൽ ദുഃഖമൊന്നും തോന്നുന്നില്ല. ഞാൻ തെരഞ്ഞെടുത്തത് വ്യത്യസ്ത വഴിയായതിനാൽ അതിന് കനത്ത വില നൽകേണ്ടി വരുമെന്ന് അറിയാമായിരുന്നു.''-സ്വര ഭാസ്കർ തുടർന്നു.
എന്നാൽ സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യം വളരെ വേദനയുണ്ടാക്കുന്ന ഒന്നായിരുന്നുവെന്നും അവർ സമ്മതിച്ചു. കാരണം സിനിമയെ അത്രയധികം സ്നേഹിച്ചിരുന്നു. ഇപ്പോഴും ആ സ്നേഹമുണ്ട്. കഴിവുള്ള അഭിനേതാവാണ് ഞാനെന്ന് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും തുടരാൻ ആഗ്രഹിക്കുന്നതും.-നടി പറഞ്ഞു.
തിരസ്കരണത്തിൽ ബോളിവുഡിനെ കുറ്റപ്പെടുത്താനും ഒരുക്കമല്ലെന്നും സ്വര ഭാസ്കർ വ്യക്തമാക്കി. മാറ്റിനിർത്തിയതിന് ബോളിവുഡിനെയോ സംവിധായകരെയോ നിർമാതാക്കളെയോ കുറ്റപ്പെടുത്താനില്ല. അവരല്ല ഒന്നും തീരുമാനിക്കുന്നത്. നമ്മുടെ രാജ്യം ഭരിക്കുന്ന ശക്തികളാണ്. അവർക്കെതിരെ പറയുന്നവർക്കുള്ള ശിക്ഷയാണ് നടപ്പാക്കുന്നത്. എതിർക്കുന്നവരെ ആ ശക്തികൾ ക്രിമിനലുകളാക്കുന്നു. ദേശവിരുദ്ധരാക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുള്ളവരാണെന്ന് വരുത്തിത്തീർക്കുന്നു. ഇതിനെല്ലാം പുറമെ, ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നവരിൽ ഞാൻ മാത്രമല്ല, ഒരുപാട് പേരുണ്ട്. എന്റെ നിരവധി സുഹൃത്തുക്കൾ ജയിലിൽ കഴിയുന്നുണ്ട്. എന്നെ പോലെ നിലപാടുകൾ തുറന്ന് പ്രകടിപ്പിക്കുന്ന മറ്റ് താരങ്ങളെയും അവർ പലതരത്തിൽ വേട്ടയാടുന്നുണ്ട്.-സ്വര ഭാസ്കർ കൂട്ടിച്ചേർത്തു.
ബി.ജെ.പി സർക്കാറിന്റെ കടുത്ത വിമർശകയായ സ്വര ഭാസ്കർ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്. എൻ.സി.പി (ശരദ് പവാർ വിഭാഗം)യിൽ പ്രവർത്തിക്കുന്ന ഫഹദ് അഹ്മദ് ആണ് സ്വരയുടെ ഭർത്താവ്. ഇരുവർക്കും ഒരു കുഞ്ഞുണ്ട്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഭർത്താവ് പരാജയപ്പെട്ടതിന് പിന്നാലെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി സ്വര രംഗത്ത് വന്നിരുന്നു. മിസിസ് ഫാലനി ആണ് സ്വരയുടെ റിലീസ് ചെയ്യാനിരിക്കുന്നു സിനിമ. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. റിലീസ് ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. 2009 ൽ പുറത്തിറങ്ങിയ മധോളാൽ കീപ് വാക്കിങ് വഴിയാണ് സ്വര സിനിമയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

