'സുശാന്ത് ഇപ്പോഴും നമ്മോടൊപ്പമുണ്ട്, നെഗറ്റീവ് പ്രചരിപ്പിക്കാൻ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കരുത്' -കുറിപ്പുമായി സഹോദരി
text_fieldsനടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ അഞ്ചാം ചരമവാർഷികത്തിൽ സഹോദരി ശ്വേതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധനേടുകയാണ്. സുശാന്ത് ഇപ്പോഴും ആരാധകരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെന്ന് ശ്വേത പറഞ്ഞു. നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കരുതെന്നും അവർ അഭ്യർഥിച്ചു. 2020 ജൂൺ 14ന് സുശാന്തിന്‍റെ മരണശേഷം ഒരുപാട് കാര്യങ്ങൾ സംഭവിച്ചുവെന്ന് അവർ പറഞ്ഞു.
'എന്ത് സംഭവിച്ചാലും നിങ്ങളുടെ ഹൃദയത്തെ നഷ്ടപ്പെടരുത്, ദൈവത്തിലും നന്മയിലും ഉള്ള വിശ്വാസം നഷ്ടപ്പെടുത്തരുത് എന്നതാണ് ഇന്ന് എനിക്ക് പറയാനുള്ളത്. നമ്മുടെ സുശാന്ത് നന്മക്ക് വേണ്ടിയാണ് നിലകൊണ്ടത്, അവന്‍റെ ജീവിതത്തോടും പഠനത്തോടുമുള്ള അദമ്യമായ തീക്ഷ്ണത, എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതിലും ദാനധർമങ്ങൾ ചെയ്യുന്നതിലും വിശ്വസിച്ചിരുന്ന സ്നേഹം നിറഞ്ഞ ഹൃദയം എന്നിവ എപ്പോഴും ഓർക്കുക' -എന്ന് ശ്വേത പറഞ്ഞു.
സുശാന്തിന്റെ പുഞ്ചിരിയിലും കണ്ണുകളിലും ആരുടെയും ഹൃദയത്തെ സ്നേഹത്താൽ ഉണർത്താൻ കഴിയുന്ന കുട്ടിത്തം നിറഞ്ഞ നിഷ്കളങ്കത ഉണ്ടായിരുന്നു എന്ന് അവർ എഴുതി. അദ്ദേഹം എവിടെയും പോയിട്ടില്ലെന്നും നമ്മളിൽ തന്നെ ഉണ്ടെന്നും ശ്വേത കുറിച്ചു. പൂർണഹൃദയത്തോടെ സ്നേഹിക്കുമ്പോൾ, ജീവിതത്തോട് കുട്ടുകളെ പോലെ നിഷ്കളങ്കത തോന്നുമ്പോഴെല്ലാം സുശാന്തിനെ ജീവസുറ്റതാക്കുകയാണെന്ന് ശ്വേത പറഞ്ഞു.
2020 ജൂൺ 14നാണ് സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ തന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിലർ ആത്മഹത്യാശ്രമമാണെന്ന് സംശയിച്ചപ്പോൾ, മറ്റുചിലർ അദ്ദേഹത്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ചു. അന്നുമുതൽ അദ്ദേഹത്തിന്റെ കുടുംബം നീതിക്കായി നിരന്തരം പോരാടുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് ഏകദേശം അഞ്ച് വർഷത്തിന് ശേഷം, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് വ്യക്തമാക്കുന്ന ഒരു ക്ലോഷർ റിപ്പോർട്ട് സി.ബി.ഐ അടുത്തിടെ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

