'നാടകം കാണുന്നത് കുറച്ചുപേർ മാത്രമാണെന്നാണ് വാദമെങ്കിൽ വലിയ അവാർഡ് കൊടുക്കേണ്ടത് ബിവറേജസ് കോർപറേഷന്'; വിവേചനത്തിനെതിരെ സൂര്യ കൃഷ്ണമൂർത്തി
text_fieldsതിരുവനന്തപുരം: നാടക കലാകാരന്മാരോടുള്ള സർക്കാർ അവഗണനക്കും വിവേചനത്തിനുമെതിരെ സൂര്യ കൃഷ്ണമൂർത്തി. വലിയ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നതും അവാർഡ് ദാന ചടങ്ങുകൾ നടത്തുന്നതും. എന്നാൽ, നാടക അവാർഡ് പ്രഖ്യാപനം ഒരു പത്രക്കുറിപ്പിൽ ഒതുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'ചലച്ചിത്ര മേഖലയിൽ മികച്ച നടനും നടിക്കും സംവിധായകനും സിനിമക്കും എഡിറ്റർക്കുമെല്ലാം ഒന്നേകാൽ ലക്ഷം രൂപ വീതം കൊടുക്കുമ്പോൾ നാടകത്തിനും നാടക കലാകാരന്മാർക്കും നൽകുന്നത് 15,000 വും 20,000 വും രൂപയാണ്. സർഗസിദ്ധിക്ക് വ്യത്യാസം പാടില്ലെന്ന ന്യായക്കേട് ചൂണ്ടിക്കാട്ടാനുള്ള സമയം കൂടിയാണിത്. സംഗീത മേഖലയിലെ സമഗ്ര സംഭാവനക്കുള്ള സ്വാതി പുരസ്കാരം മൂന്ന് ലക്ഷവും സിനിമ മേഖലയിലെ ജെ.സി. ഡാനിയേൽ പുരസ്കാരം അഞ്ച് ലക്ഷവുമാണ്. എന്നാൽ, സമാന സ്വഭാവത്തിൽ നാടക മേഖലക്ക് നൽകുന്ന എസ്.എൽ പുരം പുരസ്കാരം ഒരു ലക്ഷം രൂപയാണ്. ഇവിടെത്തന്നെ വേർതിരിവ് പ്രകടമാണ്' -അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ സിനിമ അവാർഡ് ഒരു ലക്ഷമായി കുറക്കണം. അല്ലെങ്കിൽ നാടക അവാർഡ് അഞ്ച് ലക്ഷമായി ഉയർത്തണം. അതുവരെ സമരം ചെയ്യണം. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം. ഈ തെറ്റ് ആവർത്തിക്കരുത്. സിനിമ ഒരുപാട് പേർ കാണുന്നു, നാടകം കാണുന്നത് കുറച്ചുപേർ മാത്രമല്ലേ എന്നാണ് ചിലർ പറയുന്നത്. എങ്കിൽ ബിവറേജസ് കോർപറേഷനാണ് അവാർഡ് കൊടുക്കേണ്ടത്. അത്തരം വാദമുഖങ്ങളൊന്നും കലാകാരന്മാരുടെ അടുത്ത് ചെലവാകില്ലെന്നും സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. സംസ്‌കാര സാഹിതി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന നാടകോത്സവം വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു പരാർമശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

