ആരാധകരേ ശാന്തരാകുവിൻ... സൂര്യ മലയാള സിനിമയിൽ അരങ്ങേറുന്നു!
text_fieldsസൂര്യ
തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് സൂര്യ. ഇതാ താരത്തിന്‍റെ മലയാളി ആരാധകർക്ക് ഒരു സന്തോഷവാർത്ത... തമിഴ്നാടിന്‍റെ പ്രിയ നടൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. മലയാളത്തിലെ ഹിറ്റ് ചിത്രമായ ആവേശത്തിന്‍റെ സംവിധായകൻ ജിത്തു മാധവന്‍റെ പുതിയ ചിത്രത്തിലൂടെയാണ് സൂര്യ മലയാളത്തിൽ എത്തുന്നതെന്നാണ് വിവരം.
മലയാള ചിത്രവുമായി ജിത്തു മാധവൻ സൂര്യയെ സമീപിച്ചെന്നും സൂര്യ അഭിനയിക്കാൻ സമ്മതം നൽകിയതായുമാണ് വിവരം. ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയുടെ 2D എന്റർടൈൻമെന്റുമായി സഹകരിച്ച് വി ക്രിയേഷൻസ് ബാനറിൽ കലൈപുലി എസ്. താണു ചിത്രം നിർമിക്കും. ഈ വർഷം ദസറക്ക് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് തെലുങ്കു 360 റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെട്രോയാണ് അവസാനമായി പുറത്തിറങ്ങിയ സൂര്യ ചിത്രം.തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മേയ് ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തി.
ആര്‍. ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. എല്‍. കെ. ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

