മമിതക്കു പിന്നാലെ ഹാട്രിക്ക് വിജയവുമായി സൂര്യയും; ഒരു വർഷത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ തമിഴ് താരം
text_fieldsതെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ തീർത്ത് സൂപ്പർതാരം സൂര്യ. ഒരു കലണ്ടർ വർഷത്തിൽ 200 കോടിയിലേറെ കളക്ഷൻ നേടുന്ന മൂന്ന് ചിത്രങ്ങൾ സ്വന്തമാക്കുന്ന ആദ്യ തമിഴ് നടനെന്ന ചരിത്രനേട്ടമാണ് സൂര്യ സ്വന്തമാക്കിയിരിക്കുന്നത്. നടന്റെ പുതിയ ദീപാവലി റിലീസായ സീൻ എന്ന ചിത്രം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിയതോടെയാണ് ഈ അപൂർവ നേട്ടം യാഥാർത്ഥ്യമായത്.
ഈ വർഷം പുറത്തിറങ്ങിയ സൂര്യയുടെ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. വർഷത്തിന്റെ തുടക്കത്തിൽ എത്തിയ കറുപ്പ് ആഗോളതലത്തിൽ 300 കോടിയിലധികം രൂപ വാരിയെടുത്തിരുന്നു. തൊട്ടുപിന്നാലെ എത്തിയ വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രവും 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഒടുവിൽ നവംബർ 6 ന് തിയേറ്ററുകളിൽ എത്തിയ ജിത്തു മാധവൻ ചിത്രം സീൻ കൂടി ഈ നേട്ടം കൈവരിച്ചതോടെ സൂര്യയുടെ ഈ വർഷത്തെ ഹാട്രിക് വിജയങ്ങൾ പൂർണ്ണമായി.
സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന 2ഡി എന്റർടൈൻമെന്റും ഴഗരം സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രങ്ങളുടെ നിർമ്മാണം. 2026-ൽ തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന താരമായി സൂര്യ മാറിയിരിക്കുകയാണ്. ചിത്രങ്ങളുടെ ഈ വൻ വിജയം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.

