'വണ്ണമുള്ളവർക്ക് ചേരുന്ന വസ്ത്രമല്ല സാരി'; വിമർശകന് മറുപടിയുമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ
text_fieldsസോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയാൾക്ക് മറുപടിയുമായി നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ബുരുദ ദാനചടങ്ങിൽ കേരള സാരി ധാരിച്ചാണ് ഭാഗ്യ എത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് ചുവടെയാണ് ബോഡി ഷെയ്മിങ് കമന്റുമായി ഒരാൾ എത്തിയത്. വണ്ണം കൂടിയവർക്ക് സാരി ചേരില്ലെന്നും പാശ്ചാത്യ വസ്ത്രമാണ് കൂടുതൽ നല്ലതെന്നുമായിരുന്നു ഇയാളുടെ കമന്റ്. ഇതിന് ഉഗ്രൻ മറുപടിയാണ് താരപുത്രി നൽകിയത്.
'ആരും ചോദിച്ചില്ലെങ്കിലും താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എനിക്ക് ചേരുമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഇനിയും ധരിക്കും. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്ന വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാന്‍ പരമ്പരാഗതമായ കേരള സാരി ധരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തേയും വസ്ത്രത്തേയും കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം കാര്യം ശ്രദ്ധിക്കൂ- ഭാഗ്യ കമന്റിന് മറുപടിയായി കുറിച്ചു.
'അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വസ്ത്രം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ടാക്കും'എന്നായിരുന്നു കമന്റ്. ഭാഗ്യ സുരേഷിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.