മദ്യപാനം ഉപേക്ഷിക്കാൻ കാരണം സായി പല്ലവിയുടെ ആ ഫോൺകോൾ -സുരേഷ് ബോബ്ബിലി
text_fields'രാജു വെഡ്‌സ് റാംഭായ്' എന്ന ചിത്രത്തിന്‍റെ വിജയം ആഘോഷിക്കുകയാണ് സംഗീത സംവിധായകൻ സുരേഷ് ബോബ്ബിലി. ഇപ്പോഴിതാ, നടി സായ് പല്ലവി കാരണമാണ് താൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഫോൺ കോൾ തന്റെ കരിയറും ജീവിതവും എന്നെന്നേക്കുമായി മാറ്റിമറിച്ചതെങ്ങനെയെന്നും അദ്ദേഹം പങ്കുവെച്ചു.
'വിരാട പർവ്വം' എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോൾ താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് ഗുൾട്ടേയുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിൽ ചിത്രത്തിൽ നിന്ന് തന്നെ മാറ്റാൻ ആലോചനയുണ്ടായി. അന്ന് ഒപ്പം നിന്നത് ചിത്രത്തിലെ നായികയായ സായ് പല്ലവി മാത്രമായിരുന്നു എന്നും പിന്നീട് ആ സിനിമ തന്നിലേക്ക് തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ നായികയായ സായ് പല്ലവിയാണ് അദ്ദേഹത്തോടൊപ്പം നിന്നതും സംഗീത സംവിധായകനായി തുടരണമെന്ന് നിർബന്ധിച്ചതും എന്നാണ് റിപ്പോർട്ട്.
ഒരിക്കലും പ്രതീക്ഷിക്കാതെയാണ് സായ് പല്ലവിയുടെ ഒരു കോൾ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സായ് പല്ലവി തന്നോട് സത്യസന്ധതയോടും ആശങ്കയോടും കൂടി സംസാരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'സിനിമ റിലീസ് ചെയ്തുകഴിഞ്ഞാൽ, ആദ്യം അഭിനന്ദനം ലഭിക്കുന്നത് നിങ്ങൾക്കായിരിക്കും. പിന്നെ ടെക്നീഷ്യൻമാർക്കും, അതിനുശേഷം മാത്രമേ അഭിനേതാക്കൾക്ക് ലഭിക്കൂ. അതുകൊണ്ട് നിങ്ങളുടെ ജോലിയെ അവഗണിക്കരുത്. നിങ്ങളുടെ പരിശ്രമത്തിൽ മുഴുകുക, മദ്യം പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കുക, നിങ്ങൾക്ക് നല്ല പേര് ലഭിക്കും -സായ് പല്ലവി പറഞ്ഞു.
നടി തന്റെ ജോലിയെ പിന്തുണക്കുക മാത്രമല്ല ചെയ്തതെന്നും ഒരു വ്യക്തിയെന്ന നിലയിൽ തന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചെന്നും തന്നോട് അനുകമ്പ കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. സായ് പല്ലവിയുടെ ആ ഫോൺകോൾ ജീവിത തെരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും സുരേഷ് പറഞ്ഞു. ആ നിമിഷം മുതൽ മദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചെന്നും സുരേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

