"ലൊക്കേഷനിൽ രജനി സാറിനെ കണ്ട് അമ്പരന്നുപോയി!" ജയിലർ 2 വിലെ അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്
text_fieldsനെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ജയിലർ 2' വിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മലയാളത്തിന്റെ പ്രിയനടൻ സുരാജ് വെഞ്ഞാറമൂട്, രജനികാന്തിനൊപ്പമുള്ള തന്റെ അഭിനയാനുഭവങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
'സിനിമാ വികടന്" നൽകിയ അഭിമുഖത്തിലാണ് സുരാജ് മനസ്സ് തുറന്നത്. നെൽസന്റെ സംവിധാന ശൈലിയെയും രജനികാന്തിന്റെ പെരുമാറ്റത്തെയും താരം പ്രശംസിച്ചു.
"ഗൗരവമേറിയ വിഷയങ്ങളെ കോമഡി രംഗങ്ങൾക്കുള്ളിൽ പ്രതിഷ്ഠിക്കാനുള്ള നെൽസന്റെ കഴിവ് അപാരമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു സംവിധായകനും ഇത്രത്തോളം കൃത്യമായി അത് ചെയ്യാൻ കഴിയില്ല. രജനി സാറിനൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ചെയ്യുമ്പോൾ ഞാൻ വലിയ ടെൻഷനിലായിരുന്നു. അദ്ദേഹം അഭിനയിക്കുമ്പോൾ പഴയ സിനിമകളിലെ സ്റ്റൈലും ഭാവങ്ങളും എന്റെ കണ്ണിലൂടെ മിന്നിമറയുകയായിരുന്നു. ആ വികാരം മറികടന്ന് ഡയലോഗുകൾ പറയുക എന്നതായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി." - സുരാജ് പറഞ്ഞു.
സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ രജനി സാർ എന്നും മുന്നിലാണെന്നും സുരാജ് കൂട്ടിച്ചേർത്തു. "വീര ധീര ശൂരൻ കണ്ടു, നന്നായിട്ടുണ്ട്, നീ നന്നായി അഭിനയിച്ചു" എന്ന് രജനികാന്ത് തന്നെ അഭിനന്ദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. "അദ്ദേഹം എന്നും ഒരേയൊരു സൂപ്പർസ്റ്റാർ തന്നെയാണ്," സുരാജ് പറഞ്ഞു.
'ജയിലർ' ആദ്യഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് 'ടൈഗർ' മുത്തുവേൽ പാണ്ഡ്യനായി വീണ്ടും എത്തുന്ന ചിത്രമാണ് ജയിലർ 2. മോഹൻലാലും ശിവരാജ്കുമാറും തങ്ങളുടെ മുൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ രണ്ടാം ഭാഗത്തിലുമുണ്ടാകും.
ചിത്രത്തിൽ മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കൂടാതെ ഷാരൂഖ് ഖാനും വിജയ് സേതുപതിയും അതിഥി വേഷങ്ങൾ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

