'അന്ന് എനിക്ക് അവാർഡ് തരരുതെന്ന് പറഞ്ഞയാളുടെ ചിത്രത്തിൽ തന്നെ അഭിനയിച്ച് നാഷണൽ അവാർഡ് വാങ്ങി'; സുരഭി ലക്ഷ്‌മി
text_fieldsമലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീനിലും സിനിമയിലുമായി ഒരുപാട് വർഷങ്ങളായി അവർ അഭിനയ രംഗത്തുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അജയന്‍റെ രണ്ടാം മോഷണത്തിലെ മാണിക്യം റൈഫിൽ ക്ലബ്ബിലെ സൂസൻ എന്നിവ സുരഭിയുടെ മികച്ച കഥാപാത്രങ്ങളാണ്.
മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് സുരഭി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ തനിക്ക് അവാർഡ് തരരുതെന്ന് പറഞ്ഞ സംവിധായകന്‍റെ സിനിമയിൽ തന്നെ അഭിനയിച്ച് ദേശീയ അവാർഡ് വാങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി.
സംസ്ഥാന ടെലിവിഷൻ അവാർഡ് നടക്കുമ്പോൾ തനിക്ക് അവാർഡ് തരരുതെന്ന് സംവിധായകൻ അനിൽ തോമസ് പറഞ്ഞുവെന്നും അതിന് കാരണം കോഴിക്കോടൻ ഭാഷ പറഞ്ഞ് പിടിച്ചു നിൽക്കുന്ന നടിയായത് കൊണ്ടാണെന്നും സുരഭി പറയുന്നു. എന്നാൽ അദ്ദേഹം അത് പിന്നീട് മാറ്റി പറഞ്ഞെന്നും അദ്ദേഹത്തിന്‍റെ ചിത്രത്തിൽ അഭിനയിച്ച് നാഷണൽ അവാർഡ് വാങ്ങാൻ സാധിച്ചെന്നും സുരഭി പറഞ്ഞു.
'സംസ്ഥാന ടെലിവിഷൻ അവാർഡ് നടക്കുമ്പോൾ ഒരു ജഡ്‌ജ് ഇവർ കോഴിക്കോടൻ ഭാഷ പറഞ്ഞ് പിടിച്ചു നിൽക്കുന്ന നടിയാണ് അവർക്ക് അവാർഡ് കൊടുക്കരുത് എന്നു വാദിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായം മാറി. അദ്ദേഹത്തിന്‍റെ സിനിമയിൽ എന്നെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നായികയാക്കി. അപ്പൊഴും ധൈര്യം വരാതെ എന്നോട് പറഞ്ഞു 'കോഴിക്കോടൻ ഭാഷ നമുക്കീ സിനിമയിൽ വേണ്ടാട്ടോ..' 'ഇല്ല സർ... ഒരിക്കലും ചെയ്യില്ല ' എന്നു ഞാൻ ഉറപ്പു കൊടുത്തു. എനിക്ക് ദേശീയ അവാർഡ് കിട്ടിയ മിന്നാമിനുങ്ങ് എന്ന സിനിമയായിരുന്നു അത്.
അവാർഡ് കിട്ടിയ ശേഷം സംവിധായകൻ അനിൽ തോമസ് തന്നെ പറഞ്ഞാണ് ഞാനീ കഥയറിയുന്നത്. 'സുരഭി നിന്നോട് ഞാനിങ്ങനെയൊരു കാര്യം ചെയ്‌തിട്ടുണ്ട്. ആ നീ എന്റെ സിനിമയിൽ തിരുവനന്തപുരം ഭാഷ സംസാരിച്ച് അവാർഡ് നേടിയതിൽ ഞാൻ അഭിമാനിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു. മിന്നാമിനുങ്ങാണ് എൻ്റെ ആദ്യ സിനിമ എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഞാൻ നായികയായി അഭിനയിച്ച ആദ്യ സിനിമയാണത്,' സുരഭി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

