പത്തു വയസ്സുകാരി നിഷയുടെ 'ബൂ ബോക്സ്'; പേറ്റന്റ് നേടി സണ്ണി ലിയോണിന്റെ മകൾ
text_fieldsസണ്ണി ലിയോൺ കുടുംബത്തോടൊപ്പം
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 10 വയസ്സുകാരിയായ മകൾ നിഷ ഒരു പുതിയ ഉപകരണം കണ്ടുപിടിക്കുകയും അതിന് പേറ്റന്റ് നേടിയെടുക്കുകയും ചെയ്ത വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഫറാ ഖാന്റെ പുതിയ യൂട്യൂബ് വ്ലോഗിലാണ് സണ്ണി ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ടിഷ്യു പേപ്പർ ഹോൾഡറും ഒപ്പം തന്നെ ഉപയോഗിച്ച ടിഷ്യൂകൾ ഇടാനുള്ള ഒരു ചെറിയ വേസ്റ്റ് ബിന്നും ഉപകരണമാണ് 'ബൂ ബോക്സ്'. ടിഷ്യു എടുത്തുകഴിഞ്ഞാൽ അത് കളയാൻ മറ്റൊരു വേസ്റ്റ് ബിൻ തിരഞ്ഞു പോകേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
മുംബൈയിലെ പൊടിപടലങ്ങൾ കാരണം നിഷക്ക് പലപ്പോഴും അലർജി വരാറുണ്ട്. അതിനാൽ വീട്ടിൽ പലയിടത്തും ഉപയോഗിച്ച ടിഷ്യൂകൾ നിഷ ഉപേക്ഷിക്കുന്നത് സണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടു. ടിഷ്യൂകൾ അലക്ഷ്യമായി ഇടരുത്, പോയി ഡസ്റ്റ്ബിന്നിൽ ഇടണം എന്ന് സണ്ണി മകളെ എപ്പോഴും ശാസിക്കുമായിരുന്നു. ഒരു ദിവസം സണ്ണി ലിയോൺ വീട്ടിലെത്തിയപ്പോൾ കണ്ടത് നിഷ ഒരു കപ്പോ പേപ്പറോ ഉപയോഗിച്ച് ടിഷ്യു ബോക്സിനോട് ചേർത്ത് ടേപ്പ് ഒട്ടിച്ച് ഒരു ചെറിയ ബിൻ ഉണ്ടാക്കി വെച്ചിരിക്കുന്നതാണ്. ഇത് കണ്ടപ്പോൾ സണ്ണിക്ക് വലിയ കൗതുകം തോന്നി. ഇതിൽ നിന്നാണ് 'ബൂ ബോക്സ്' എന്ന ആശയവും അതിന്റെ പേറ്റന്റും ഉണ്ടായതെന്ന് സണ്ണി ലിയോൺ പറയുന്നു.
‘അവൾ വളരെ ബുദ്ധിമതിയാണ്. ഇതിന്റെ തുടക്കം മുതൽ അവസാനം വരെ അവൾ തന്നെയാണ് ചെയ്തത്. പത്ത് വയസ്സിൽ തന്നെ അവൾ പണം സമ്പാദിച്ചു തുടങ്ങി. നിഷയുടെ കൈയിൽ ഇഷ്ടം പോലെ പണമുണ്ടാകുമെന്നും തങ്ങൾക്ക് അവളോട് ചോദിക്കേണ്ടി വരുമെന്നും പറഞ്ഞ് ആൺമക്കൾക്ക് ഇപ്പോൾ തന്നെ കുശുമ്പ് തുടങ്ങിക്കഴിഞ്ഞു’ സണ്ണി തമാശരൂപേണ പറഞ്ഞു. സണ്ണി ലിയോൺ അഭിമുഖങ്ങളിൽ മകളെക്കുറിച്ച് എപ്പോഴും വാചാലയാകാറുണ്ട്. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് നിഷയെ ദത്തെടുത്തത്. പിന്നീട് വാടകഗർഭധാരണത്തിലൂടെ ഇവർക്ക് നോഹ, ആഷർ എന്നീ രണ്ട് ആൺമക്കളും ജനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

