പ്രിയയുമായുള്ള ബന്ധത്തെ ആരും അംഗീകരിച്ചിരുന്നില്ല, ആ സമയങ്ങളിൽ കരീഷ്മക്കൊപ്പം നിൽക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്; പ്രിയക്കെതിരെ സഞ്ജയ് കപൂറിന്റെ സഹോദരി
text_fieldsകരിഷ്മ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും വിവാഹ ജീവിതം തകർത്തത് പ്രിയാ സച്ച്‌ദേവെന്ന് സഞ്ജയ് കപൂറിന്റെ സഹോദരി മന്ദിര കപുർ. മരിച്ചു പോയ തങ്ങളുടെ അച്ഛൻ പ്രിയയുമായുള്ള ബന്ധത്തിന് പൂർണ്ണമായും എതിരായിരുന്നുവെന്നും സഞ്ജയ് കപൂറിന്റെ സഹോദരി പറഞ്ഞു. കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും വ്യവസായ പ്രമുഖനുമായ സഞ്ജയ് കപൂറിന്റെ മരണശേഷമുള്ള സ്വത്ത് തർക്കത്തിനിടെയാണ് പ്രിയക്കെതിരെ ആരോപണവുമായി സഞ്ജയുടെ സഹോദരി മന്ദിര കപൂർ രംഗത്തുവന്നത്.
വിക്കി ലാൽവാനിയുമായുള്ള സംഭാഷണത്തിലാണ് കപുർ കുടുംബത്തിന് പ്രിയ സച്ച്ദേവിനോടുള്ള എതിർപ്പ് മന്ദിര പരസ്യമായി അറിയിച്ചത്. പ്രിയയുമായി സഞ്ജയ് അടുക്കുന്നത് താൻ അറിഞ്ഞിരുന്നുവെന്നും അവരുടെ ബന്ധത്തിന് താൻ എതിരായിരുന്നുവെന്നും അവർ പറഞ്ഞു. ഒരു വിമാനയാത്രയിലാണ് സഞ്ജയും പ്രിയയും അടുപ്പത്തിലാവുന്നത്.
ആ സമയങ്ങളിൽ കരീഷ്മയും സഞ്ജയും നല്ല ബന്ധത്തിലായിരുന്നു. മകൻ കിയാൻ ജനിച്ച സമയമായിരുന്നു അത്. സഞ്ജയ്ക്ക് മക്കൾ പ്രിയപ്പെട്ടതായിരുന്നു. പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് മറ്റൊരു സ്ത്രീ ചിന്തിക്കാതിരിക്കുന്നത് വളരെ മോശമായ കാര്യമാണ്. പ്രിയ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോകുകയായിരുന്ന സഞ്ജയുടെ വിവാഹബന്ധം തകർക്കുകയുമാണ് ചെയ്തതെന്നും മന്ദിര ആരോപിച്ചു.
കുടുംബത്തിലെ ആരും പ്രിയയുമായുള്ള ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. മരിച്ച് പോയ തങ്ങളുടെ അച്ചൻ ഇവരുടെ ബന്ധത്തെ ശക്തമായി എതിർത്തിരുന്നെന്നും മന്ദിര പറഞ്ഞു. അവളുടെ മുഖം കാണുന്നത് പോലും അച്ചന് ഇഷ്ടമില്ലായിരുന്നു. അവർ തമ്മിലുള്ള വിവാഹം നടക്കരുതെന്നും അവർക്ക് മക്കളുണ്ടാകരുതെന്നും അച്ചൻ പറഞ്ഞിരുന്നു. 2017ൽ നടന്ന സഞ്ജയുടെയും പ്രിയയുടെയും വിവാഹത്തിന് താനും സഹോദരിയും പങ്കെടുത്തില്ലെന്നും അവർ വെളിപ്പെടുത്തി. വിവാഹം കഴിക്കരുത്, കുട്ടികളുണ്ടാകരുത് എന്ന് അച്ഛൻ പറഞ്ഞതുകൊണ്ട് വിവാഹത്തെ പിന്തുണക്കാൻ കഴിയില്ല എന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു.
പക്ഷെ ആ സമയങ്ങളിൽ കരീഷ്മക്കൊപ്പം നിൽക്കാൻ സാധിച്ചിരുന്നില്ല. അതിൽ താൻ ഖേദിക്കുന്നുണ്ടെന്നും മന്ദിര പറഞ്ഞു. അന്ന് ഞങ്ങൾ തമ്മിൽ സംസാരമില്ലായിരുന്നു. അതിന് അവൾക്ക് എന്നോട് ദേഷ്യമുണ്ടാകും. പക്ഷെ അതിന് അവളെ ഞാൻ കുറ്റപ്പെടുത്തില്ല. ഞങ്ങളുടെ ബന്ധം നിന്നുപോയതിൽ എനിക്കും വിഷമമുണ്ട്. കാരണം കരീഷ്മ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അവളുടെ പ്രയാസ ഘട്ടങ്ങളിൽ ഞാൻ അവൾക്ക് വേണ്ടി നിലകൊള്ളേണ്ടതായിരുന്നുവെന്നും മന്ദിര പറഞ്ഞു.
ലണ്ടനിൽ വെച്ച് 2025 ജൂണിലാണ് സഞ്ജയ് കപുർ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 30,000 കോടിയിലധികം ആസ്തിയുണ്ടായിരുന്നു സഞ്ജയ്ക്ക്. മരണശേഷം സ്വത്തിൽ അവകാശം ചോദിച്ചു കൊണ്ട് സഞ്ജയുടെയും കരിഷ്മയുടെയും മക്കളായ സമൈറയും കിയാനും ഡൽഹി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.
സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. 2003ലാണ് സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം ചെയ്തത്. 2014ല്‍ അവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും 2016ല്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അസാരിയാസ് എന്നൊരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

