'വാക്കുകൾ വളച്ചൊടിച്ച് അദ്ദേഹത്തിന് വിഷമമുണ്ടാക്കരുത്; ചാക്കോച്ചൻ ഇതുവരെ ഒരുപദ്രവവും എന്നോട് ചെയ്തിട്ടില്ല' -സുനിൽ രാജ് എടപ്പാൾ
text_fields'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിൽ പല ഭാഗങ്ങളിലും കുഞ്ചാക്കോ ബോബന് പകരം അഭിനയിച്ചത് താൻ ആണെന്ന് കഴിഞ്ഞ ദിവസമാണ് ഡ്യൂപ് ആർട്ടിസ്റ്റ് സുനിൽ രാജ് എടപ്പാൾ വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബന്‍റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്‍റെ പ്രസ്താവനയിൽ വിശദീകരണം നടത്തിയിരിക്കുകയാണ് സുനിൽ.
'ചാക്കോച്ചന്‍റെ പിറകെ നടന്നിട്ട് എന്ത് കിട്ടി എന്ന് പലരും ചോദിച്ചിട്ടുണ്ട്. ചാക്കോച്ചൻ ചില സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അത് പണമായിട്ടാണോ എന്ന് പലരും ചോദിച്ചു. എന്നാൽ അത് അങ്ങനെയല്ല, അദ്ദേഹത്തിന് തിരക്കായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ചില ഷോട്ടുകൾ എനിക്ക് ചെയ്യാൻ സാധിച്ചു. അതും അദ്ദേഹമാണ് എന്‍റെ പേര് പറഞ്ഞത്. അതിനെക്കുറിച്ചായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ അത് വളച്ചൊടിക്കപ്പെട്ടു'.
'ചാക്കോച്ചനെ കുറിച്ച് സുനിൽ രാജ് മനസ് തുറക്കുന്നു എന്നൊക്കെയുള്ള വാർത്തകൾ കുറേ പേർ അയച്ചു തന്നിരുന്നു. എല്ലാമൊന്നും കാണാൻ പറ്റിയിട്ടില്ല. കുറേ ഫോൺ കോളുകൾ വന്നപ്പോഴാണ് ഞാൻ ഈ സംഭവം എന്താണെന്ന് അറിയുന്നത്. ചാക്കോച്ചൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം എനിക്ക് ഉപകാരമല്ലാതെ ഒരുപദ്രവവും ഇതുവരെ എന്നോട് ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന രീതിയിലേക്ക് എത്തിക്കരുത്' -സുനിൽ രാജ് പറഞ്ഞു.
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമായി എത്തിയത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
'പുറത്തു വിടാൻ പാടില്ലാരുന്നു പക്ഷെ വേറെ നിവർത്തി ഇല്ലാത്തോണ്ടാ. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നീ അയാളെ അവതരിപ്പിച്ചു എന്ത് നേടി എന്ന്, ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജക്ഷൻ ചെയ്തത്,' - എന്നായിരുന്നു സുനിൽ രാജ് പങ്കുവെച്ചത്. ഇതാണ് പിന്നീട് വലിയ ചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

