'ആ വലിയ സംവിധായകന്‍ ബാൽക്കണിയിലൂടെ വന്ന് വാതില്‍ മുട്ടി, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു' - സുമ ജയറാം
text_fieldsതന്‍റെ അഭിനയ ജീവിതത്തിന്‍റെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി സുമ ജയറാം. 1988ൽ ഉൽസവപ്പിറ്റേന്നിലൂടെ അരങ്ങേറ്റം കുറിച്ച സുമ, ഇഷ്ടം, ക്രൈം ഫയൽ, വർണം, കുട്ടേട്ടൻ, എന്‍റെ സൂര്യപുത്രി തുടങ്ങിയ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.
സിനിമയുടെ അവസാന എഡിറ്റിങ്ങിൽ തന്‍റെ കഥാപാത്രത്തെ വെട്ടിമാറ്റിയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. 'എന്‍റെ നിരവധി രംഗങ്ങൾ ചിത്രീകരിക്കും, പക്ഷേ സിനിമ റിലീസ് ചെയ്യുമ്പോഴേക്കും അത് രണ്ടായി കുറയും. ഭരതത്തിൽ സുചിത്ര അഭിനയിച്ച വേഷത്തിനായി ലൊക്കേഷനിൽ എത്തിയതാണ്. നാല് ദിവസം അവിടെ നിന്നു. പത്മരാജൻ മരിച്ചതിനാൽ തിരിച്ചുപോയ്ക്കോളൂ എന്ന് അവർ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് നാന കണ്ടപ്പോളാണ് ആ കഥാപാത്രം സുചിത്രയാണ് ചെയ്യുന്നതെന്ന് അറിയുന്നത് സുമ പറഞ്ഞു.
എന്‍റെ സൂര്യപുത്രിക്ക് എന്ന സിനിമയിലും ആദ്യം പറഞ്ഞ വേഷമല്ല ചെയ്തത് എന്നും സുമ പറഞ്ഞു. ഇന്ന് മീടൂ പോലുള്ള കാര്യങ്ങളൊക്കെ വന്നതുകൊണ്ട് വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട് അങ്ങനെയല്ലായിരുന്നു. വിട്ടുവീഴ്ചകൾ ചെയ്യാത്തതിനാലാണ് നല്ല വേഷങ്ങൾ കിട്ടാതിരുന്നതെന്നും അവർ പറഞ്ഞു. അന്ന് എല്ലാവർക്കും പേടിയായിരുന്നു. ഇന്നത്തെ കുട്ടുകൾക്ക് ധൈര്യം ഉണ്ട്. എന്നാൽ ഇന്നും പലതും തുറന്ന് പറഞ്ഞവർക്ക് അവസരം നഷ്ടമാകുന്നുണ്ടെന്നും അവർ പറഞ്ഞു.
'ഞാനൊരു വലിയ സംവിധായകന്‍റെ സിനിമയിൽ അഭിനയിക്കാൻ പോയതായിരുന്നു. പലാക്കാടാണ് ഷൂട്ടിങ്. ഒരാഴ്ച അവിടെ നിൽക്കണം. ഷൂട്ടിങ് വൈകിട്ട് തീർന്നു. ഒരു ഒമ്പത് മണി ആയപ്പോൾ സംവിധായകൻ ബാൽക്കണിയിലൂടെ ഇറങ്ങി വന്ന് ഞങ്ങളുടെ ബാൽക്കണിയിൽ വന്ന് തട്ടി. അന്നെനിക്ക് 16, 17 വയസ്സാണ് പ്രായം. ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു. ഞാനും അമ്മയും പേടിച്ചാണ് കിടന്നത്. കുറച്ച് നേരം തട്ടിയ ശേഷം എന്തോ ശബ്ദം കേട്ട് അദ്ദേഹം പോയി. പിറ്റേന്ന് രാവിലെ ഷൂട്ടിങ്ങിന് ചെന്നപ്പോൾ അദ്ദേഹം ചീത്തയാണ് പറഞ്ഞത്. ഇങ്ങനെ കുറെ പ്രശ്നങ്ങൾ കഴിയുമ്പോൾ നമുക്ക് സിനിമ മടുക്കും' -സുമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

