വെള്ളിത്തിരയിൽ സായ് ബാബയായി, ജീവിതത്തിൽ ദുരിതങ്ങളോട് പൊരുതി; മുതിർന്ന നടൻ സുധീർ ദൽവിക്ക് തുണയായി അക്ഷയ് കുമാറും കാർത്തിക് ആര്യനും
text_fieldsവെള്ളിത്തിരയിൽ സായ് ബാബക്ക് ജീവൻ നൽകി കോടിക്കണക്കിന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനാണ് സുധീർ ദൽവി. 1977ലെ 'ഷിർദ്ദി കേ സായ് ബാബ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, ഇൻ്റീരിയർ ഡിസൈനറായി കരിയർ ആരംഭിച്ച് യാദൃശ്ചികമായാണ് അഭിനയത്തിലേക്ക് എത്തിയത്.
38-ാം വയസ്സിൽ സായ് ബാബയായി മാറിയെങ്കിലും, ആ പ്രതിച്ഛായ കാരണം പിന്നീട് വർഷങ്ങളോളം തൊഴിലില്ലായ്മയും കടുത്ത പ്രതിസന്ധികളുമാണ് അദ്ദേഹം നേരിട്ടത്. വാർധക്യത്തിൽ അർഹമായ ചികിത്സാ സഹായം തേടേണ്ടിവന്ന അദ്ദേഹത്തിന് താങ്ങായി ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും കാർത്തിക് ആര്യനും ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.
നടിയായ തർല മേത്തയുടെ വീടിന്റെ ഇൻ്റീരിയർ ഡിസൈനിങ് ജോലികൾ ഏറ്റെടുത്ത സമയത്താണ് സുധീർ ദൽവി ഒരു സുഹൃത്തിന്റെ അടുത്തുനിന്ന് പെയിന്റിങ് വാങ്ങാൻ പോയത്. അവിടെ വെച്ച് നാടകപ്രവർത്തകനായ സത്യദേവ് ദുബെയെ പരിചയപ്പെടുകയും, അദ്ദേഹം തന്റെ നാടകത്തിലേക്ക് ഒരു വേഷം വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഈ നാടകാനുഭവമാണ് പിന്നീട് അദ്ദേഹത്തിന് മറാഠി നാടകവേദികളിലേക്കും സിനിമയിലേക്കും വഴിയൊരുക്കിയത്.
ശ്രീകാന്ത് മോഡെയുടെ 'ഷേർ ശിവാജി' എന്ന നാടകത്തിൽ മിർസ രാജ ജയ് സിംഗ് രാജ്പുത് എന്ന വേഷം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പാണ്ഡുരംഗ് ദീക്ഷിത് അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. തുടർന്ന് 'ഷിർദ്ദി കേ സായ് ബാബ' ചിത്രത്തിലേക്ക് സായ് ബാബയുടെ വേഷം ചെയ്യാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സുധീർ ദൽവി ആദ്യം അത് ചിരിച്ചുതള്ളുകയും വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പാണ്ഡുരംഗ് ദീക്ഷിതിന്റെയും മറ്റും നിർബന്ധപ്രകാരവും മേക്കപ്പിന് ശേഷം രൂപം മാറിയതിനെത്തുടർന്നും അദ്ദേഹം ഈ ചരിത്രപരമായ വേഷം ഏറ്റെടുക്കുകയായിരുന്നു.
കുറഞ്ഞ ബജറ്റിൽ നിർമിച്ച 'ഷിർദ്ദി കേ സായ് ബാബ' 1977ലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറി. എന്നാൽ ഈ ചിത്രത്തിന്റെ വിജയം സുധീർ ദൽവിയുടെ കരിയറിൽ പിന്നീട് വലിയ വെല്ലുവിളിയായി തീർന്നു. സായ് ബാബയുടെ പ്രതിച്ഛായ കാരണം പിന്നീട് പല സംവിധായകർക്കും അദ്ദേഹത്തിന് മറ്റ് വേഷങ്ങൾ നൽകാൻ കഴിഞ്ഞില്ല. പ്രശസ്ത നിർമാതാവ് ശക്തി സാമന്ത ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ ഓഫീസിലേക്ക് വിളിച്ച് മറ്റ് വേഷങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നും എന്നാൽ സാമ്പത്തിക സഹായം നൽകാൻ തയാറാണെന്നും വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ ഒക്ടോബറിൽ 86-ാം വയസ്സിൽ ഗുരുതരമായ സെപ്സിസ് ബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സാ ചെലവുകൾക്കായി കുടുംബം ബുദ്ധിമുട്ടിയപ്പോൾ അക്ഷയ് കുമാർ, കാർത്തിക് ആര്യൻ, രൺബീർ കപൂറിന്റെ സഹോദരി റിദ്ധിമ കപൂർ തുടങ്ങിയ ചലച്ചിത്ര താരങ്ങളും ആരാധകരും ഷിർദ്ദിയിലെ വിവിധ ട്രസ്റ്റുകളും സഹായഹസ്തവുമായി മുന്നോട്ടുവന്നു. നിലവിൽ ആരോഗ്യനില വീണ്ടെടുത്ത് അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും താല്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു സുധീർ ദൽവി എന്ന് അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

