‘നാല് രൂപക്ക് ആദ്യമായി അന്ന് കണ്ടത് ഒരു മോഹൻലാൽ ചിത്രം’; സൂപ്പർ താരവുമായുള്ള ബന്ധം വിശദീകരിച്ച് സ്റ്റണ്ട് സിൽവ
text_fieldsസിനിമപ്രേമികളുടെ ഇടയിൽ ഒരുപാട് ആരാധകരുള്ള സ്റ്റണ്ട് കൊറിയൊഗ്രാഫറാണ് സ്റ്റണ്ട് സിൽവ. ഒരുപാട് തെന്നിന്ത്യൻ ചിത്രങ്ങളിൽ നിറസാന്നിധ്യമായ സ്റ്റണ്ട് മാസ്റ്ററാണ് സിൽവ. രാജമൗലി സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രമായ യമദൊങ്കയിലൂടെയാണ് അദ്ദേഹം ആക്ഷൻ കൊറിയോഗ്രഫറായി കരിയർ ആരംഭിക്കുന്നത്.
ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിലും ജോലി ചെയ്ത സിൽവ ഒരുപാട് സിനിമകളിൽ വില്ലനായും അല്ലാതെയും അഭിനയിക്കുകയും ചെയ്തു. 2012ൽ ദി കിങ് ആൻഡ് ദി കമീഷണർ എന്ന ചിത്രത്തിലൂടെയാണ് സിൽവ മലയാള സിനിമയിൽ എത്തുന്നത്. ശേഷം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ നിരവധി സിനിമകളിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
മോഹൻലാലിനൊപ്പം അവസാനം ഇറങ്ങിയ തുടരും, ജില്ല, മിസ്റ്റർ ഫ്രോഡ്, ലോഹം, ഒപ്പം, ലൂസിഫർ, ബിഗ് ബ്രദർ, മോൺസ്റ്റർ, എമ്പുരാൻ എന്നീ സിനിമകളിലെല്ലാം സ്റ്റണ്ട് സിൽവ ആക്ഷൻ കൊറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാലുമായുള്ള തന്‍റെ ബന്ധത്തെ കുറിച്ച് പറയുകയാണ് സിൽവ.
താൻ ആദ്യമായി കണ്ട സിനിമ മോഹൻലാലിൻ്റെ 'നമ്പർ 20 മദ്രാസ് മെയിൽ' ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
'മോഹൻലാൽ സാറുമായി എനിക്കുള്ള ബോണ്ടിനെ കുറിച്ച് ചോദിച്ചാൽ എനിക്ക് പറയാൻ വലിയ ഫ്ളാഷ്ബാക്ക് തന്നെയുണ്ട്. വർഷങ്ങൾക്ക് മുമ്പ് സ്‌കൂൾ പഠനം കഴിഞ്ഞ് മദ്രാസിൽ വന്ന ആദ്യത്തെ ദിവസം എനിക്ക് ഇന്നും ഓർമയുണ്ട്. ഞാൻ വലിയ ബാക്ഗ്രൗണ്ടിൽ നിന്നൊന്നുമല്ല വരുന്നത്.
വളരെ സാധാരണമായ ഒരു ആളാണ് ഞാൻ. അന്ന് മദ്രാസിൽ വരാൻ വേണ്ടി എന്റെ സുഹൃത്ത് എനിക്ക് നൂറ് രൂപ തന്നു. അതുമായാണ് മദ്രാസിൽ എത്തുന്നത്. 85 രൂപയായിരുന്നു അവിടേക്ക് വരാനുള്ള ടിക്കറ്റിന് ആവശ്യമായത്.
ബാക്കി വന്നത് വെറും 15 രൂപ. അന്ന് മദ്രാസിൽ വന്ന് ഇറങ്ങിയതും കൂട്ടുകാരൻ പറഞ്ഞത് 'ഇവിടെ അടുത്തൊരു പടം ഓടുന്നുണ്ട്. നമുക്ക് അത് കാണാൻ പോകാം' എന്നായിരുന്നു. അന്ന് ഞാൻ സിനിമയൊന്നും കണ്ടിട്ടില്ല. സ്‌കൂൾ ഹോസ്റ്റലിൽ ആയിരുന്നു പഠിച്ചത്.
അവിടെ അതിനോട് ചേർന്ന് തന്നെയായിരുന്നു തിയേറ്ററും ഉണ്ടായിരുന്നത്. നാല് രൂപയും അമ്പത് പൈസയുമായിരുന്നു അന്ന് ഒരു സിനിമയുടെ ടിക്കറ്റിന് ഉണ്ടായിരുന്നത്. അങ്ങനെ ഉണ്ടായിരുന്ന 15 രൂപയിൽ നിന്നും ഒമ്പത് രൂപ ഞങ്ങളുടെ ടിക്കറ്റിന് പോയി.
അന്ന് ഞാൻ കണ്ട ആദ്യ സിനിമ മോഹൻലാൽ സാറിൻ്റേതാണ്. മദ്രാസിൽ ഇറങ്ങിയ ആദ്യ ദിവസം ഞാൻ കണ്ട സിനിമ നമ്പർ 20 മദ്രാസ് മെയിൽ ആയിരുന്നു. പിന്നീട് ഞാൻ സാറിന്റെ കൂടെ ആദ്യമായി വർക്ക് ചെയ്‌തത് ജില്ല എന്ന സിനിമയിലായിരുന്നു' - സ്റ്റണ്ട് സിൽവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

